നവീകരിച്ച പൊക്ലാര്‍ത്താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

post

ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച പൊക്ലാര്‍ത്താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡ്, പ്രവൃത്തി ആരംഭിക്കുന്ന വില്യാപ്പള്ളി-ആയഞ്ചേരി റോഡ്, തിരുവള്ളൂര്‍-ആയഞ്ചേരി റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വികസന പ്രവർത്തികൾ 2025 ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നിശ്ചയദാർഢ്യമുള്ള നിലപാടിന്റെ വിജയമാണ് ദേശീയപാത വികസന പ്രവൃത്തികളുടെ പിന്നിൽ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ആറുവരി പാത യാഥാർത്ഥ്യമാകുന്നതോടെ 50 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ 30 - 35 മിനുട്ടുകൾക്കൊണ്ട് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ പ്രവർത്തികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവയെല്ലാം പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ വികസന കുതിപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു.