കോവിഡ് 19 : കൊച്ചിന്‍ റിഫൈനറിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു

post

കൊച്ചി : കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളടക്കം കൂട്ടമായി എത്തുന്ന് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് റിഫൈനറി അധികൃതരുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് സംസാരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വ്യക്തിശുചിത്വം പാലിക്കാനായി കൈ കഴുകാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ജീവനക്കാര്‍ കൂട്ടത്തോടെ ഒരേസമയം പഞ്ചിങ്ങിന് എത്തുന്നതും ഒരേസമയം ഭക്ഷണം കഴിക്കാന്‍ ഇറങ്ങുന്നതും കൂടുതല്‍ ജാഗ്രത വേണ്ട സന്ദര്‍ഭങ്ങളാണ് . ഇതിനു പരിഹാരമായി വിവിധ സമയങ്ങളില്‍ ആളുകള്‍ക്ക് അവിടേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനും അതുപോലെ ഭക്ഷണം കഴിക്കാനും പുറത്തേക്ക് പോകാനും വിവിധ സമയങ്ങളില്‍ ക്രമീകരിക്കാനും മാസ്‌ക്കുകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 വരെ അവശ്യ ജോലികള്‍ മാത്രമേ നിര്‍വഹിക്കാവൂ എന്നും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. കൂടാതെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനിങ് നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കണ്‍ട്രോള്‍റൂമില്‍ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.