വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാന്‍ ഹരിത സമൃദ്ധം പദ്ധതിയുമായി എറണാകുളം ജില്ല
 
                                                വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അധ്യയന വര്‍ഷം ഹരിത സമൃദ്ധം പദ്ധതിയുമായി ജനകീയ ക്യാംപയിന്‍ നടത്താന്‍ ഒരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മാലിന്യമുക്ത നവകേരളം ക്യാംപയിനിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത സമൃദ്ധം ക്യാംപയിനിന്‍ നടപ്പാക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ക്യാംപയിന് തുടക്കമാകും. ക്യാംപയിനിന്റെ ഭാഗമായി സ്‌കൂള്‍ മുതല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കും പ്രവേശനോത്സവം നടത്തുക.
പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് ജൂണ്‍ ഒന്നിന് വിദ്യാര്‍ത്ഥികള്‍ക്ക് മാലിന്യ സംസ്‌കരണം, ലഹരി വിമുക്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. മാലിന്യ പരിപാലന ഉപാധികള്‍, ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും.
ജൂണ്‍ 5ന് പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കള്‍ കൊണ്ടുള്ള പെന്‍സില്‍ ചെപ്പ് നിര്‍മ്മാണം, രചനാമത്സരങ്ങള്‍, തൈകളുടെ വിതരണം, പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം എന്നിവ വിദ്യാലയങ്ങളില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി കോളേജ് തലങ്ങളിലും കൃത്യമായി മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കും. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുകയും അതിന്റെ ശാസ്ത്രീയമായ രീതിയിലുള്ള സംസ്‌കരണ സംവിധാനമൊരുക്കും. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലീന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും.
ക്യാംപയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാംപയിന്‍ നടപ്പിലാക്കും. മാലിന്യ പരിപാലനത്തിലെ മികവ് വിലയിരുത്തി തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ട്രോഫി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണീ. ജി അലക്‌സാണ്ടര്‍, നവ കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.കെ മനോജ്, കോളജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡി.വി അനില്‍, കേരള ഖരമാലിന്യ പദ്ധതി സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് എസ്.വിനു തുടങ്ങിയവര്‍ പങ്കെടുത്തു.










