ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

post

ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍ദ്രം മിഷനിലൂടെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. 3030 കോടി രൂപ സൗജന്യ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചു. എല്ലാ സൗകര്യങ്ങളോടെയും ആധുനിക രീതിയില്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പുതിയതായി 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചതായും ടൂറിസം മേഖലയായ മൂന്നാറില്‍ പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ചട്ടമുന്നാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.എല്‍.എ എ .രാജ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജയലക്ഷ്മി, ടി ഗണേശന്‍, പി. ഉമ, കെ. ഇന്ദിര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍, ഡി.പി.എം ഡോ. അനൂപ് കെ, ചട്ടമൂന്നാര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ സജിന്‍ ജോണ്‍ മാത്തുണ്ണി തുടങ്ങിയവർ പങ്കെടുത്തു.