ഇടുക്കി ജില്ലയിൽ ഹൈടെക്ക് സ്‌കൂളുകളും ടിങ്കറിംഗ് ലാബുകളും സജ്ജമായി

ഇടുക്കി ജില്ലയിലെ രണ്ട് ഹൈടെക്ക് സ്‌കൂളുകളുടെയും മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിംഗ് ലാബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു. വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് മറയൂര്‍, ജി.എച്ച്.എസ്.എസ് നെടുങ്കണ്ടം എന്നീ സ്‌കൂളുകളാണ് ഹൈടെക്കാകുന്നത്. 1581 ചതുരശ്ര അടിയില്‍ നാല് മുറിയും രണ്ട് 2 സ്റ്റോര്‍ റൂമും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 6 ശൗചാലയങ്ങള്‍ 5 മൂത്രപ്പുരകള്‍ എന്നിവയോടുകൂടിയാണ് മറയൂര്‍ സ്‌കൂളിന്റെ നിര്‍മാണം. ഒരു കോടി രൂപ മുടക്കി രണ്ട് നിലകളിലായി രണ്ട് ക്ലാസ്സ് റൂമുകളും രണ്ട് ലാബുകളും ആറ് ശൗചാലയങ്ങളും 27 മൂത്രപ്പുരകളും രണ്ട് സ്റ്റോര്‍ റൂമും അടക്കമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നെടുങ്കണ്ടം സ്‌കൂളിൽ സജ്ജമാക്കിയിട്ടുള്ളത്.
എസ്.എസ്.കെയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ വീതം മുടക്കി മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിംഗ് ലാബുകളും ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ നയിക്കുക, ഗവേഷണ തല്‍പ്പരത വളര്‍ത്തുക, സമൂഹനന്മക്കായുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്നിവയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം. ഡോ എപിജെ അബ്ദുല്‍ കലാം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൊടുപുഴ, ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍, ജി.എച്ച്.എസ്.എസ് കുമളി എന്നീ സ്‌കൂളുകളിലാണ് ടിങ്കറിങ് ലാബുകള്‍ ഒരുക്കിയിട്ടുള്ളത്.