മൂവാറ്റുപുഴയിൽ നഗരസഭാ പാര്‍ക്ക്-പുഴയോരം വിനോദ സഞ്ചാര പദ്ധതി ആവിഷ്‌കരിക്കുന്നു

post

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ എറണാകുളത്തെ  മൂവാറ്റുപുഴ നഗരത്തിൽ നഗരസഭ പാര്‍ക്ക്-പുഴയോരം പദ്ധതി ആവിഷ്‌കരിക്കുന്നു. നഗരത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗര സഭയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ ഡ്രീംലാൻഡ്‌ പാർക്കും പുഴയും നെഹ്‌റു ചിൽഡ്രൻസ് പാർക്കും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം സാധ്യതകളാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. മൂന്നു പുഴകളുടെ സംഗമ കേന്ദ്രമായതിനാൽ റിവർ ടൂറിസത്തിനു മൂവാറ്റുപുഴയിൽ സാധ്യതകൾ ഏറെയാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡ്രീംലാൻഡ് പാർക്ക് രണ്ടായി തിരിച്ച് ഒരു ഭാഗത്ത് വിനോദസഞ്ചാരികൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള പാർപ്പിടസമുച്ചയങ്ങളും മറുഭാഗത്ത് പുഴയോട് ചേർന്ന് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കും വിധം പുതിയ റെയ്ഡുകൾ, ബോട്ടിംഗ്, കയാക്കിങ്, തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിൻ എന്നിവയും നിർമിക്കാൻ ലക്ഷ്യമിടുന്നു. ഇവിടെനിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്റു ചിൽഡ്രൻസ് പാർക്ക് വരെ ദീർഘിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. ഡ്രീം ലാൻഡ് പാർക്കിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്നതിന് ജെട്ടിയും ഇരു കരകളെയും ബന്ധിച്ച് തൂക്കുപാലവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

തൂക്കുപാലത്തോടനുബന്ധിച്ച് പുഴയുടെ മറുകരയിൽ നടപ്പാതയും ലത പാലത്തില്‍ നിന്ന് ആരംഭിച്ച് ത്രിവേണി സംഗമം വരെയുളള ഭാഗത്ത് നിലവിൽ പൂർത്തീകരിച്ചിരിക്കുന്ന പുഴയോര നടപ്പാത ബി.ഒ.സി. ജംഗ്ഷനിലുള്ള (നെഹ്റു പാർക്ക്) കുട്ടികളുടെ പാർക്ക് വരെ നീട്ടും. ഇതിനായി കച്ചേരിതാഴത്തെ പഴയ പാലത്തിന് അടിയിൽ കൂടി അണ്ടർ പാസ്സേജ് ആവശ്യമാണ്. ഒപ്പം കുട്ടികളുടെ പാർക്ക് നവീകരിക്കുകയും വേണം. പദ്ധതിയുടെ പൂർത്തീകരണത്തിനായി 20 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ടൂറിസം വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, പ്രൊജക്ട് എഞ്ചിനീയര്‍ അരുണ്‍ ജോസ് എന്നിവരുടെ വിലയിരുത്തൽ.