പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി അടിമാലി ജനമൈത്രി പോലീസ്

post

ഇടുക്കി: കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി അടിമാലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ അടിമാലി ടൗണിലെ ജൂബിലി ഓട്ടോസ്റ്റാന്‍ഡ് അണുവിമുക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടല്‍. വരും ദിവസങ്ങളില്‍ കൊവിഡ് 19നെതിരായി കൂടുതല്‍ ജാഗ്രതപാലിക്കുകയെന്ന ആശയം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഓട്ടോസ്റ്റാന്‍ഡിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

മൂന്ന്, നാല് ആഴ്ച്ചകളില്‍ കൊവിഡ് 19നെതിരായി പുലര്‍ത്തേണ്ടുന്ന ജാഗ്രത നിര്‍ദ്ദേശം കൂടുതലായി ആളുകളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അടിമാലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ടൗണിലെ ജൂബിലി ഓട്ടോസ്റ്റാന്‍ഡ് അണുവിമുക്തമാക്കാന്‍ പരിശ്രമിച്ചത്. വൈറസിന്റെ വ്യാപനം പൊതു ഇടങ്ങളിലേക്ക് എത്തുന്നത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഓട്ടോറിക്ഷകള്‍ ബ്ലീച്ചിംങ്ങ് പൗഡര്‍ ചേര്‍ത്ത ലായിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. എല്ലാ ദിവസവും ഇത്തരത്തില്‍ വാഹനം വൃത്തിയാക്കുവാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാഹനം വൃത്തിയാക്കിയതിനൊപ്പം ഓട്ടോസ്റ്റാന്‍ഡ് പരിസരം ലായിനി തളിച്ച് അണുവിമുക്തമാക്കി. കൊവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയാന്‍ മുമ്പോട്ട് വച്ചിട്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മാത്യകാപരമായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും അടിമാലി ജനമൈത്രി പോലീസും ചേര്‍ന്ന് നടപ്പിലാക്കിയത്. അടിമാലി ട്രാഫിക് പോലീസ് യൂണിറ്റ് എസ്‌ഐ കെ ഡി മണിയന്‍, എഎസ്‌ഐ എം എം ഷാജി, ബീറ്റ് ഓഫീസര്‍മാരായ ബിനു മത്തായി, ആന്‍സി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അണുവിമുക്ത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.