മാപ്പത്തോണ്‍ കേരളക്ക് തുടക്കം കുറിച്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ മാപ്പിംഗ് പ്രവര്‍ത്തനം- 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ കേരള' പദ്ധതിക്ക് പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയം നടത്തുന്നതിനായി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് മാപ്പത്തോണ്‍ സംഘടിപ്പിക്കുന്നത്. മാപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ ഫീല്‍ഡ് സര്‍വേയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍ മാപ്പിംഗ് നടത്തുകയും തുടര്‍ന്ന് അവയുടെ ജനകീയ വീണ്ടെടുപ്പുമാണ് സുപ്രധാനമായ പ്രവര്‍ത്തനം.
പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലിന്റെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയും, നിലവിലെ അവസ്ഥ നിര്‍ണയം നടത്തുകയും ചെയ്യുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വിവിധ വകുപ്പുകള്‍ക്കും തുടര്‍ന്നുള്ള നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകും. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍, വാര്‍ഡ് അംഗങ്ങളായ പൊന്നമ്മ ചാക്കോ ,എം ജെ ജിനു ,എസ് രമാദേവി ,സിറിയക് തോമസ്, ടി കെ രാജന്‍,തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍,നവകേരളം കര്‍മ്മപദ്ധതി ഉദ്യോഗസ്ഥര്‍,തൊഴിലുറപ്പ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










