കോട്ടാങ്ങല്‍ പഞ്ചായത്തിൽ സമഗ്ര ജല വിതരണം സാധ്യമാക്കും

post

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലെ സമഗ്ര ജല വിതരണത്തിന് 33.13 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ സമഗ്ര ജലവിതരണം നടത്തുന്നത്. നിലവിലുള്ള പെരുമ്പാറ, മലമ്പാറ പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നത്. കോട്ടാങ്ങല്‍ - ആനിക്കാട് സമഗ്ര കുടിവെള്ള പദ്ധതി വരുന്നതോടെ ഈ രണ്ട് പദ്ധതികളും ആ പദ്ധതിയുമായി ലയിക്കും. തുടര്‍ന്ന് ട്രീറ്റ്മെന്റ് ചെയ്ത വെള്ളം ഇവിടേക്ക് എത്തിക്കാനും ആകും.

മണിമല പുത്തൂര്‍പടിയില്‍ നിന്നാണ് മലമ്പാറ പദ്ധതിയിലേക്ക് നിലവില്‍ വെള്ളം എത്തിക്കുന്നത്. മലമ്പാറയില്‍ രണ്ട് എം എല്‍ ഡി ശേഷിയുള്ള ഒരു പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കും. കുന്നനോലിയില്‍ പുതിയ ടാങ്കും നിര്‍മിക്കും. മലമ്പാറ പദ്ധതിയുടെ കീഴില്‍ 2353 ഹൗസ് കണക്ഷനുകള്‍ ആണ് പദ്ധതി വഴി നല്‍കുക. 14.89 കി.മീ ദൂരത്തില്‍ ഡി ഐ പൈപ്പുകളും 81 കീമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 6.96 കി മീ ദൂരത്തില്‍ ജി ഐ പൈപ്പുകളും ഉള്‍പ്പെടെ 102.85 കി.മീ ദൂരത്തില്‍ മലമ്പാറ പദ്ധതിയുടെ കീഴില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.

മണിമലയാറിലെ ശാസ്താംകോയിക്കല്‍ കടവില്‍ നിന്നാണ് പെരുമ്പാറ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്നത്. 1753 ഹൗസ് കണക്ഷനുകള്‍ ആണ് പെരുമ്പാറ പദ്ധതിയുടെ കീഴില്‍ നല്‍കുന്നത്. 6.50 കി.മീ ഡിഐ പൈപ്പുകളും 32.78 കിമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 12.29 കിമീ ദൂരത്തില്‍ ജിഐ പൈപ്പുകളും ഉള്‍പ്പെടെ 51.57 കി.മീ ദൂരം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.