നവീകരിച്ച തൊടുപുഴ പുളിയന്‍മല റോഡ് ഉദ്ഘാടനം ചെയ്തു
 
                                                സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി മണ്ഡലത്തിലെ തൊടുപുഴ പുളിയന്മല റോഡിലെ 2.3 കിലോമീറ്റര്‍ ഉള്‍പ്പെട്ട പാറമട റീച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ  ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടന്നു.
നാടിന്റെ ഗതാഗത വികസനത്തിന് വേഗത കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. വികസനക്ഷേമപ്രവര്‍ത്തികള്‍ കൂടുതല്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിനകര്‍മ്മ പരിപാടി ആവിഷ്‌കരിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതകളുടെ വികസനം വിവിധ തലങ്ങളില്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പശ്ചാത്തല വികസനമേഖലയില്‍ സംസ്ഥാനത്തെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ റോഡുകളും, പാലങ്ങളും ഉണ്ടാവുക വഴി ഹൈറേഞ്ചിന്റെ വികസന സാധ്യതകള്‍ക്ക് ആക്കം കൂടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ശബരിമല ഉത്സവ പ്രവൃത്തിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 കോടി 30 ലക്ഷം രൂപ മുതല്‍മുടക്കി ബിഎം, ബിസി നിലവാരത്തിലാണ് തൊടുപുഴ പുളിയന്മല റോഡിലെ പാറമട റീച്ചിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്. റോഡിന് വശങ്ങളില്‍ ഐറിഷ് ഓട നിര്‍മ്മിക്കുകയും ടൈല്‍ വിരിക്കുകയും അപകടസാധ്യത മേഖലയില്‍ സൈന്‍ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്, ക്രാഷ് ബാരിയര്‍, റോഡ് സ്റ്റഡ്സ്, ഡെലിനേറ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
തൊടുപുഴ മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. തൊടുപുഴ ടൗണിനെ മുട്ടം, കരിങ്കുന്നം, പുറപ്പുഴ, ഉടുമ്പന്നൂര്‍ എന്നീ ടൗണുകളുമായി ബന്ധിപ്പിക്കുന്ന ആറ് പ്രധാന റോഡുകളാണ് 5.5 കോടി മുതല്‍ മുടക്കില്‍ നവീകരിച്ചിരിക്കുന്നത്. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപ്പാസ്, അമ്പലം ബൈപാസ്, കൊതായികുന്ന് ബൈപാസ്, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പുളിക്കല്‍ പാലം മുതല്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വരെയുള്ള ഭാഗം , മൂപ്പില്‍ക്കടവ് പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡ്, തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡില്‍ പുളിമൂട് ഇലക്ട്രിക്കല്‍സ് ജംഗ്ഷന്‍ മുതല്‍ മാങ്ങാട്ട്കവല വരെയുള്ള റോഡുകളാണ് നവീകരണത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.










