രാജക്കാട്-പൊന്‍മുടി റോഡിലെ ഗതാഗതം നിരോധിച്ചു

ഇടുക്കിയിലെ രാജക്കാട്-പൊന്‍മുടി റോഡിലെ പൊന്‍മുടി തൂക്കുപാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കാലപ്പഴക്കംകൊണ്ട് ബലക്ഷയം സംഭവിച്ച തൂക്കുപാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, രാജാക്കാട് എസ്.എച്ച്.ഒ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പൂര്‍ണമായി ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയത്.
60 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പൊന്‍മുടി തൂക്കുപാലത്തില്‍ വാഹന ഗതാഗതവും പരിധിയില്‍ അധികം ആളുകള്‍ കയറുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം പ്രകാരം ഗതാഗതം നിരോധിച്ചത് . ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.