മനസ്സോടിത്തിരി മണ്ണ്: ഹാജറയ്ക്ക് ഇനി സ്വന്തം വീട്

post

പതിനഞ്ച് വര്‍ഷത്തിലധികമായി വാടക വീട്ടില്‍ അന്തിയുറങ്ങുന്ന ഇടുക്കി, ഉടുമ്പന്നൂര്‍ സ്വദേശിനി ഒറ്റത്തോട്ടത്തില്‍ ഒ.കെ ഹാജറയെന്ന വീട്ടമ്മയ്ക്ക് സ്വന്തമായൊരു വീടൊരുങ്ങുന്നു. ഹാജറയ്ക്കും 8 വയസുകാരി മകള്‍ അല്‍ഫിയക്കും സ്നേഹത്തിന്റെ തണലൊരുക്കി, വീടുവെയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുന്നത് പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതികളാണ്.

വീടുവെയ്ക്കാന്‍ സ്ഥലം ലഭിച്ചതോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനാകും. രജിസ്ട്രേഷന്‍ നടത്തിയ ആധാരമടങ്ങുന്ന രേഖകള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഹാജറയ്ക്ക് കൈമാറി. സ്ഥലം നല്‍കി മാതൃകയായ അജിനാസിനെ കളക്ടര്‍ അഭിനന്ദിച്ചു.

ചെറുപ്പം മുതല്‍ അംഗപരിമിതിയുള്ള ഹാജറ, സഹോദരങ്ങളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വീടിന് സ്ഥലം ലഭിച്ചതിലും വീട് നിര്‍മ്മാണത്തിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചതിലും സന്തോഷമുണ്ടെന്ന് ഹാജറ പറഞ്ഞു. നിര്‍മ്മാണത്തിന് ആദ്യഘട്ടമായി 40000 രൂപ അനുവദിച്ചിട്ടുണ്ട്.