എറണാകുളം ജില്ലയിൽ മാലിന്യ സംസ്കരണത്തിനായി കർമ്മ പദ്ധതി

post

എറണാകുളം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. മാലിന്യ സംസ്‌കരണം ഊർജിതമാക്കാൻ ആവിഷ്കരിച്ച കര്‍മ്മപദ്ധതിയുടെ അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണം. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സാങ്കേതിക പിന്തുണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കും. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വാർഡ് തലത്തിലും മാലിന്യ സംസ്കരണ ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ക്യാമ്പയിൻ വഴി ഉറവിട മാലിന്യ സംസ്കരണത്തിനു പ്രചാരണം നൽകും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഉറപ്പാക്കാനും ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യോഗത്തിൽ നിർദേശം നൽകി. മുഴുവൻ വീടുകളിലും ഉറവിടമാലിന്യ സംസ്കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി നടപ്പാക്കുന്നത്.