സുരക്ഷാകവചങ്ങളില്‍ ഒളിപ്പിച്ച കരുതലും പുഞ്ചിരിയുമായി അവര്‍...

post

പത്തനംതിട്ട: അവരുടെ കണ്ണുകളില്‍ കരുതലിന്റെ തിളക്കവും ചുണ്ടില്‍ ചെറുപുഞ്ചിരിയുമുണ്ട്. പക്ഷെ സുരക്ഷാകവചങ്ങളില്‍ ഈ ചിരികള്‍ മറഞ്ഞിരിക്കുകയാണ്... കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ജീവന് തങ്ങളുടെ ജീവനേക്കാള്‍ വിലകല്പ്പിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍.

പ്രതിരോധത്തിന്റെ നാള്‍വഴിയില്‍ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസവും ആശ്വാസവുമേകാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ് ഐസലേഷന്‍ വാര്‍ഡുകളില്‍ രോഗബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മെഡിക്കല്‍ സംഘം. രാവുംപകലും ഇല്ലാതെയുള്ള പരിചരണവും സാന്ത്വനവുമാണ് ഐസലേഷനിലുള്ളവര്‍ക്ക് ഇവര്‍ നല്‍കുന്നത്.

പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍പേര്‍ ഐസലേഷനില്‍ കഴിയുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു വാര്‍ഡുകളിലായി 12 പേരാണു നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിചരണത്തിനായി 17 നഴ്‌സുമാര്‍ നാലു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ഇവരെ നയിക്കാന്‍ ആര്‍.എം.ഒ ഡോ. ആശിഷിന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഡോക്ടര്‍മാരും. പ്രത്യേക മുറികളിലായിട്ടാണ് ഐസലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ മാനസികപിന്തുണയും പരിചരണവും നല്‍കാന്‍ ഡി.എം.ഒ(ആരോഗ്യം)ഡോ.എ.എല്‍ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം സേവന സന്നദ്ധരായി എപ്പോഴുമുണ്ട്.

ഐസലേഷനില്‍ കഴിയുന്നവരെ പരിചരിക്കാന്‍ കയറുമ്പോള്‍ പ്രത്യേകതരം പാന്റ്‌സ്, കവറിങ് ഷൂ, കൈയ്യുറ, കണ്ണട, എന്‍95 മാസ്‌ക് എന്നിവ ധരിച്ച് സ്വയംപ്രതിരോധം സൃഷ്ടിക്കുന്നുണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും. ഒരുകാരണവശാലും രോഗം പടരാതിരിക്കുവാന്‍ ഐസലേഷന്‍ വാര്‍ഡില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ഇവ നശിപ്പിച്ചുകളയുകയും ചെയ്യുന്നു.  രോഗബാധിതരുടെ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, മുഖാവരണം എന്നിവയും ഇവര്‍ ദിവസേന മാറ്റുണുണ്ട്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇമേജ'ാണ് ഉപയോഗിച്ച കിറ്റുകള്‍ സുരക്ഷിതമായി പ്രത്യേക സഞ്ചികളിലാക്കി നശിപ്പിക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു പരിചരണം മാത്രമല്ല മാനസികപിന്തുണയും ഇവര്‍ നല്‍കുന്നു. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച നാള്‍മുതല്‍ അഹോരാത്രം ജോലിചെയ്യുകയാണ് ഈ ജീവനക്കാര്‍. മുതിര്‍ന്ന രോഗികളെ പരിചരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് കൊച്ചുകുട്ടികളെ പരിചരിക്കാനാണെന്നു ജീവനക്കാര്‍ പറയുന്നു. ആദ്യദിവസങ്ങളില്‍ ആറുകുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരുകുട്ടി മാത്രമേ നിരീക്ഷണത്തിലുള്ളു. 

പത്തനംതിട്ട നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നത്. ആശുപത്രിയിലുള്ളവര്‍ക്ക് ഫോണിലൂടെ ആശയവിനിമയം നടത്തുന്നതിനോ ഓണ്‍ലൈനായി ജോലി ചെയ്യുന്നതിനോ തടസങ്ങളില്ല.  ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് അവസാനരോഗ ബാധിതനും വീട്ടിലേക്ക് മടങ്ങുന്നതുവരെ ഈ ജീവനക്കാര്‍ ആശ്വാസത്തിന്റെയും കരുതലിന്റെയും പുഞ്ചിരിയുമായി അവര്‍ക്കൊപ്പമുണ്ടാകും.