മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എറണാകുളം ജില്ലാപഞ്ചായത്ത് ബജറ്റ്

post

കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കി എറണാകുളം ജില്ലാപഞ്ചായത്ത് ബജറ്റ്. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം ഉറപ്പുവരുത്തുന്നതിനും എറണാകുളത്തെ തരിശ് രഹിത ജില്ലയും ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനും സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലക്കും വികസന-പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബഡ്ജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ബജറ്റ് അവതരിപ്പിച്ചു. 10,88,13,696 രൂപ മുന്നിരിപ്പും 150,45,01,696 രൂപ ആകെ വരവും 145,82,56,500 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 4,62,46,196 രൂപ നീക്കിയിരിപ്പുമുള്ളതുമാണ്.

ലഭ്യമായ തനത് വരുമാന സ്രോതസുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസുകള്‍ കണ്ടെത്തിയും ചെലവുകള്‍ നിയന്ത്രിച്ചും തനത് ഫണ്ട് സ്ഥിതി മെച്ചപെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി ആവിഷ്‌കരിക്കും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജില്ലയിലെ മാലിന്യ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സംയുക്തമായി ജില്ലയിലെ എല്ലാ വിധത്തിലുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കംചെയ്യാനും പുതിയത് എത്താതെ തടയാനും ഹരിത കര്‍മ്മസേന മാതൃകയില്‍ ബ്ലൂ ആര്‍മിക്ക് രൂപം നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ തീരദേശത്തെ ഏതാനും പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. യന്ത്രം ഘടിപ്പിച്ച വള്ളവും മറ്റ് ഉപകരണങ്ങളും നല്‍കും. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും കമ്പിവേലി കെട്ടുന്നതിനും കവചം പദ്ധതി നടപ്പിലാക്കും.

അലോപ്പതി, ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും മരുന്നിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഒരുകോടി രൂപയുടെ പദ്ധതികളാണ് ബജറ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്. പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി 50 ലക്ഷവും ഉള്‍പ്പെടുത്തി. ആലുവ ജില്ലാ ആശുപത്രിയില്‍ ഐ.സി.യു മെഡിക്കല്‍ യൂണിറ്റ് തുടങ്ങും. ഇവിടുത്തെ ഒഫ്താല്‍മോളജി വിഭാഗം ദൃഷ്ടി എന്ന പേരില്‍ അത്യാധുനിക നിലവാരത്തിലാക്കും. അതി ദരിദ്രവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി പരിശോധിച്ച് കണ്ണടകള്‍ സൗജന്യമായി നല്‍കും. കരള്‍മാറ്റ ശസ്ത്രക്രിയക്കായി 40 ലക്ഷം രൂപയുടെ പുനര്‍ജനി പദ്ധതിയും ബജറ്റിലുണ്ട്.

600 ലധികം വ്യക്ക രോഗികള്‍ക്ക് പ്രതിവര്‍ഷം 48,000 രൂപ വീതം നല്‍കി വരുന്നു. പദ്ധതി തുടരുന്നതിനായി ജില്ലാ പഞ്ചായത്ത് വിഹിതമായി 90 ലക്ഷം രൂപ നീക്കിവച്ചു. ഉപയോഗിച്ച ശേഷം മിച്ചം വരുന്ന മരുന്നുകള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന നന്മ പദ്ധതി നടപ്പിലാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നിന്നും ശേഖരിക്കുന്ന മരുന്നുകള്‍ പി എച്ച്‌സികള്‍ വഴി ജില്ലാ ആശുപത്രിക്ക് കൈമാറും. ഇവിടുന്നാണ് അര്‍ഹരായ രോഗികള്‍ക്ക് വിതരണം ചെയ്യുക.

അതിഥി തൊഴിലാളികള്‍ക്കായി ഹമാര ഘര്‍ എന്ന പേരില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും. വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുവാന്‍ വനിത സംരംഭക ഇടനാഴിക്ക് രണ്ടുകോടി രൂപ സബ്സിഡി നല്‍കും. ജില്ലയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷി ചെയ്യുന്നതിന് ബഹുമുഖ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ഉടമസ്ഥര്‍ കൃഷി ചെയ്യാന്‍ തയ്യാറാകാത്ത പാടശേഖരങ്ങള്‍ അവരുടെ സമ്മതത്തോടെ പാട്ടകൃഷി ചെയ്യുന്നതിന് 1.5 കോടിരൂപ. തരിശ് കൃഷി മോണിട്ടര്‍ ചെയ്യുന്നതിന് ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും കൃഷി ഓഫീസര്‍മാര്‍, കര്‍ഷകര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക മോണിട്ടറിംഗ് സമിതി രൂപീകരിക്കും. ഈസമിതി തരിശ് കൃഷി പുരോഗതി റിപ്പോര്‍ട്ട് എല്ലാമാസവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറും.

ഫാം ഫെസ്റ്റുകള്‍ സംഘടിപ്പിച്ച് ഫാം ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കാന്‍ വിപണി ഒരുക്കും. ഒക്കല്‍ വിപണന കേന്ദ്രത്തിലും ജില്ലാപഞ്ചായത്ത് കോമ്പൗണ്ടിലും ജില്ലാപഞ്ചായത്തിന്റെ നേരിട്ടുള്ള വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും. ഇതുവഴി ഫാം ഉല്‍പ്പനങ്ങള്‍ക്ക് പുറമേ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉല്‍പ്പനങ്ങളും വിറ്റഴിക്കും. അങ്കമാലിയിലെ മുയല്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ മുയലുകളെ എത്തിക്കും, ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കും. ഫാം ടൂറിസം പദ്ധതി പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

ഈ വര്‍ഷം ജില്ലയെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പൊതു സ്ഥാപനങ്ങളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക സൗകര്യവും കൂടുതല്‍ പരിഗണനയും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് മാത്രമായി ജില്ലാ പഞ്ചായത്ത് ആരംഭിച്ചിരിക്കുന്ന പ്രത്യേക ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കും. ഇവര്‍ക്കായി പി.എസ്‌.സി കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കും.

കാര്‍ഷിക മേഖലയ്‌ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും പ്രാധാന്യം നല്‍കി, വ്യവസായ എസ്റ്റേറ്റ് തുടങ്ങാനായി സ്ഥലംവാങ്ങുന്നതിന് 5 കോടിയുടെ പദ്ധതി നടപ്പാക്കും. പ്രവാസി ക്ഷേമത്തിന് ആകെ 30 ലക്ഷം രൂപയുടെ മൂന്ന് പദ്ധതികള്‍. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവര്‍ക്ക് പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കുന്നതിനും ഷീ പാര്‍ലമെന്റ് സംഘടിപ്പിക്കും.

അഭയം എന്ന പേരില്‍ തെരുവുനായ സംരക്ഷണ കേന്ദ്രവും പെറ്റ് കെയര്‍ സെന്ററും തുടങ്ങാനായി പ്രാരംഭമായി 50 ലക്ഷം രൂപ നീക്കിവച്ചു. ഇതിനൊപ്പം എ.ബി.സി പദ്ധതി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

പെണ്‍കുട്ടികള്‍ക്ക് ആയോധന കലാ പരിശീലനത്തിനായി 10 ലക്ഷം. അവരുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിനായി വിവിധ ക്ഷേമ പദ്ധതികളും ബജറ്റിലുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സിവില്‍ സര്‍വ്വീസ്, പി.എസ്.സി, ഒ.ഇ.റ്റി, ഐ.ഇ.എല്‍.ടി.എസ് കോച്ചിംഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ തലങ്ങളില്‍ ദുരന്ത നിവാരണക്ലബ് രൂപികരിച്ച് അവര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും. തീരമേഖലയെ വെള്ളപ്പൊക്ക വേലിയേറ്റത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ 2 കോടിയുടെ തീര രക്ഷാ പദ്ധതി.

പ്രധാന മേഖല വകയിരുത്തലുകള്‍

കൃഷി: 7.75 കോടി, മത്സ്യമേഖല: 60 ലക്ഷം, വിദ്യാഭ്യാസം: 9.5 കോടി, ആരോഗ്യം: 6 കോടി, വനിത: 4.5 കോടി, വയോരക്ഷ:1 കോടി, ഭിന്നശേഷി വിഭാഗം: 1.5 കോടി, പട്ടികജാതി വിഭാഗം (കുടിവെളളം, പാര്‍പ്പിടം ഉള്‍പ്പെടെ): 16.9 കോടി, പട്ടികവര്‍ഗ്ഗ വിഭാഗം (പാര്‍പ്പിടം ഉള്‍പ്പെടെ): 70 ലക്ഷം, ശുചിത്വം: 5.7 കോടി, കുടിവെളളം: 6.2 കോടി, പാര്‍പ്പിടം:10.3 കോടി.