കൊച്ചിയില്‍ 10 ഓപ്പണ്‍ ജിമ്മുകൾ

post

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ പൊതു ജന ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഹൈബി ഈഡന്‍ എം പി നടപ്പിലാക്കുന്ന ഓപ്പണ്‍ ജിം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ പരിധിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 10 ഓപ്പണ്‍ ജിമ്മുകളുടെ ഉദ്ഘാടനം മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വികസന വിഷയങ്ങളില്‍ രാഷ്ടീയത്തിനതീതമായ കൂട്ടുകെട്ടുകള്‍ നാടിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 10 ഓപ്പണ്‍ ജിമ്മുകള്‍ക്ക് തുക അനുവദിച്ചിരിക്കുന്നത് കൊച്ചി കപ്പല്‍ശാലയാണ്. കപ്പല്‍ശാലയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപയാണ് അനുവദിച്ചത്.


ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പണ്‍ ജിം എന്ന ആശയം ആരംഭിച്ചതെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ക്വീന്‍സ് വാക്ക് വേയില്‍, എം എല്‍ എ ആയിരുന്ന കാലഘട്ടത്തിലാണ് ആദ്യ ഓപ്പണ്‍ ജിം ആരംഭിച്ചത്. തുടര്‍ന്ന് കുമ്പളങ്ങി പാര്‍ക്കില്‍ കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തന്നെ ഓപ്പണ്‍ ജിം ആരംഭിച്ചു. എല്ലാ ഓപ്പണ്‍ ജിമ്മുകളും പൊതു ജനങ്ങള്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്നും എം പി പറഞ്ഞു. പ്രദേശവാസികളുടെ കൂടി സഹകരണത്തോടെയാണ് ഓപ്പണ്‍ ജിമ്മുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നത്.


കൊച്ചി നഗര സഭ പരിധിയില്‍ ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്‍ക്ക്,ചുള്ളിക്കല്‍ കോര്‍പ്പറേഷന്‍ പാര്‍ക്ക്, പുല്ലര്‍ദേശം പി ആര്‍ മാത്യു പാര്‍ക്ക്,ഇടക്കൊച്ചി ഫെറി റോഡ്, കൊച്ചിന്‍ പോര്‍ട്ട് വാക്ക് വേ, പണ്ഡിറ്റ് കറുപ്പന്‍ പാര്‍ക്ക് തേവര ഫെറി, ജസ്റ്റിസ് കൃഷ്ണയ്യര്‍ വാക്ക് വേ പനമ്പിള്ളി നഗര്‍,ഗിരിനഗര്‍ അങ്കണവാടി, പൈപ്പ്‌ലൈന്‍ റോഡ് കത്രിക്കടവ്, പൈപ്പ് ലൈന്‍ റോഡ് പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഈ പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളത്.


ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കപ്പല്‍ ശാല ഫിനാന്‍സ് ഡയറക്ടര്‍ വി ജെ ജോസ് , സി എസ് ആര്‍ ഹെഡ് പി എന്‍ സമ്പത്ത്കുമാര്‍,കൊച്ചി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ്, കൗണ്‍സിലര്‍മാരായ ലതിക ടീച്ചര്‍, ആന്റണി പൈനുതറ, അഞ്ജന ടീച്ചര്‍, മുന്‍ കൗണ്‍സിലര്‍ കെ എക്‌സ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.