ശബരിമല തീര്‍ഥാടനം: വകുപ്പുകളെ ദേവസ്വം മന്ത്രി ആദരിച്ചു

post

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍

ഫലകം നല്‍കി ആദരിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദ്യ ആദരവ് ഏറ്റുവാങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി കോട്ടയം മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ ആദരവ് ഏറ്റുവാങ്ങി.

ജില്ലാ ഭരണകൂടം കോട്ടയം, ജില്ലാഭരണകൂടം ഇടുക്കി, ജില്ലാ ഭരണകൂടം ആലപ്പുഴ, പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, എക്‌സൈസ്, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍(മെഡിക്കല്‍ കോളജസ്), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ഹോമിയോപ്പതിക് മെഡിസിന്‍, ഇന്ത്യന്‍ റെയില്‍വേസ്, ബിഎസ്എന്‍എല്‍, പൊതുമരാമത്ത് നിരത്തു വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് എന്‍എച്ച് വിഭാഗം, പൊതുമരാമത്ത് ഇലക്ട്രിക്കല്‍, പൊതുമരാമത്ത് ഇലക്ട്രോണിക്‌സ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യു വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, ഐആന്‍ഡിപിആര്‍ഡി, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭൂജലവകുപ്പ്, ലീഗല്‍ മെട്രോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പ്, മേജര്‍ ഇറിഗേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ്, കെഎസ്ടിപി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, അയ്യപ്പസേവാസംഘം, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികള്‍ ദേവസ്വം വകുപ്പ് മന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.

----


ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍


ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. വൃത്തിയും ശുദ്ധിയുമുള്ള തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുന്നതിന് എല്ലാവരും പരിശ്രമിക്കണം. ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് വിശുദ്ധിസേനാംഗങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രവര്‍ത്തനം ഏറ്റവും നല്ല സേവനമാണ്. ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ശരിയായി വിനിയോഗിക്കണം.

ഇത്തവണത്തെ ശബരിമല തീര്‍ഥാടനം മഹത്തരമായി മാറ്റാന്‍ കഴിഞ്ഞു. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഏതൊരു കാര്യവും മഹത്തരമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. അന്‍പതു ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഓരോരുത്തരും ചെയ്യേണ്ട ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി ചെയ്താല്‍ വിജയം കൈവരിക്കാം. കഴിഞ്ഞ തീര്‍ഥാടന കാലത്തെ കുറവുകള്‍ മനസിലാക്കുന്നതിനും മികച്ച മാതൃകള്‍ കണ്ടെത്തി പഠിക്കുന്നതിനുമാണ് ശ്രമിക്കുന്നത്.

വരുന്ന തീര്‍ഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്തണം. ഇത്തവണ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും തീര്‍ഥാടകരെ സഹായിച്ചു. അതേപോലെ നിരവധി പള്ളികളും മോസ്‌കുകളും തീര്‍ഥാടകര്‍ക്ക് സേവനം ലഭ്യമാക്കി മികച്ച മാതൃകയായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പ്രവര്‍ത്തിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. കഴിഞ്ഞ തീര്‍ഥാടന കാലത്തെ അനുഭവങ്ങള്‍ പാഠമാക്കി മെച്ചപ്പെട്ട സേവനം നല്‍കണം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ മന്ത്രി ഫലകം നല്‍കി ആദരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദ്യ ആദരവ് ഏറ്റുവാങ്ങി.

കോവിഡ് മഹാമാരിക്കു ശേഷം നടന്ന ഇത്തവണത്തെ തീര്‍ഥാടനകാലം മികച്ചതാക്കുന്നതിന് വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തീര്‍ഥാടനം കഴിഞ്ഞ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് യോഗം വിളിക്കുന്നത് ഇത് ആദ്യമായാണ്. വരുംകാല തീര്‍ഥാടനങ്ങള്‍ മികച്ചതാക്കാന്‍ ഇതു സഹായകമാകുമെന്നും എംഎല്‍എ പറഞ്ഞു.

തീര്‍ഥാടനത്തിന്റെ ദിശമാറ്റാന്‍ തെറ്റായ പ്രചാരണങ്ങളിലൂടെ പലരും ശ്രമിച്ചെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ദേവസ്വം മന്ത്രി ഇടപെടലുകള്‍ നടത്തി. പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചതാണ് തീര്‍ഥാടന വിജയത്തിനു വഴിയൊരുക്കിയത്. തീര്‍ഥാടനം വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.

സംതൃപ്തികരമായ തീര്‍ഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. തീര്‍ഥാടനം ചിട്ടയായും ഭംഗിയായും നടത്താന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തീര്‍ഥാടനം മികച്ചതാക്കുന്നതിന് നിരന്തര ഇടപെടലുകളാണ് നടത്തിയത്. ദേവസ്വം മന്ത്രി നിരവധി തവണ ശബരിമല സന്ദര്‍ശിക്കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും മികച്ച ഇടപെടലുകള്‍ നടത്തി. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഉണര്‍വ് പകരാന്‍ ശബരിമല തീര്‍ഥാടനത്തിനു സാധിച്ചു. തീര്‍ഥാടന കാലത്ത് കേരളം സജീവമായി മാറി. ശബരിമല തീര്‍ഥാടനം കേരളത്തിന്റെ പൊതുസ്വത്താണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി കാലത്തിനു ശേഷം ഇത്തവണ പൂര്‍ണതോതില്‍ നടന്ന ശബരിമല തീര്‍ഥാടനം പ്രതിച്ഛായ മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന്റെ വിജയത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണ് തനിക്കു ലഭിച്ച പുരസ്‌കാരമെന്നും കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിന് ഇതു പ്രോത്സാഹനമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ജി. സുന്ദരേശന്‍, അഡ്വ.എസ്.എസ്. ജീവന്‍, എഡിജിപി എം.ആര്‍. അജിത്ത് കുമാര്‍, ദേവസ്വം വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, ഡിഐജി ആര്‍. നിശാന്തിനി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ശബരിമല എഡിഎം പി. വിഷ്ണുരാജ്, ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത്ത് കുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.