തമ്മനം - പുല്ലേപ്പടി റോഡ് വികസനം: പ്രവർത്തനങ്ങൾ വേഗത്തിലാക്കും
 
                                                തമ്മനം - പുല്ലേപ്പടി റോഡ് വികസനവുമായി  ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കിഫ് ബി, റവന്യൂ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനും ടോട്ടൽ സ്റ്റേഷൻ സർവേ നടത്താനും തീരുമാനിച്ചു. തമ്മനം - പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മേയർ അഡ്വ. എം. അനിൽ കുമാറിന്റെയും  ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 
റോഡിനായി സൗജന്യമായി വിട്ടു നൽകിയ ഭൂമിയും കൊച്ചി കോർപ്പറേഷൻ വിലയ്ക്കു വാങ്ങിയ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഇനിയുള്ള കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും.
റോഡിനായി ലഭ്യമായിട്ടുള്ള തദ്ദേശ ഭരണ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിൽ നിക്ഷിപ്തമായിക്കഴിഞ്ഞു. പൊതു മരാമത്ത് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ തമ്മനം പുല്ലേപ്പടി റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടരുകയാണ്. ഭൂമിയേറ്റെടുക്കുന്നതിന് 93.89 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് എന്നീ വില്ലേജുകളിലായി 3.69 ഹെക്‌ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കിഫ്‌ബി മാനദണ്ഡപ്രകാരം 22 മീറ്റർ വീതിയിലാണ് റോഡിന്റെ ഡിസൈൻ. ഒരു വർഷം മുമ്പാണ് പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കിയത്. ഇതനുസരിച്ച് അതിർത്തി കല്ല് ഇടുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ ജനങ്ങൾ തടസവാദം ഉന്നയിച്ചതിനെ തുടർന്ന് ഇപ്പോൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പദ്ധതിക്കായി തയാറാക്കിയ വിശദമായ പദ്ധതി രേഖ കിഫ്‌ബിയുടെ പരിഗണനയിലാണ്. എൻഎച്ച് ബൈപ്പാസിൽ ചക്കരപ്പറമ്പ് മുതൽ എം.ജി. റോഡ് പത്മ ജംക്ഷൻ വരെ 3.68 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ റവന്യൂ, കിഫ്ബി, കോർപ്പറേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.










