എല്‍.പി.ജി. കിറ്റ്_ പരീക്ഷണം വിജയിച്ചാല്‍ മത്സ്യതൊഴിലാളികള്‍ക്ക് സാമ്പത്തിക ലാഭം

post

ആലപ്പുഴ: മണ്ണെണ്ണയുടെ വിലവര്‍ദ്ധനവ്, ലഭ്യതക്കുറവ്, മണ്ണെണ്ണ ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമായാണ് മണ്ണെണ്ണേതര എഞ്ചിനുകളിലേക്ക് മത്സ്യബന്ധനമേഖല മാറാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യബന്ധത്തിനുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഇന്ധനം മണ്ണണ്ണയില്‍ നിന്നും എല്‍.പി.ജി.യിലേക്ക് മാറ്റുന്നത്. മത്സ്യബന്ധന എഞ്ചിനുകള്‍ എല്‍.പി.ജി. ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്‍.പി.ജി. കിറ്റുകളുടെ വിതരണം ഓമനപ്പുഴ കടപ്പുറത്ത് മന്ത്രി സജി ചെറിയാന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.


ദ്രവീകൃത രൂപത്തിലുള്ള ഇന്ധനം ഇതേ രൂപത്തില്‍ തന്നെ എഞ്ചിനുകളില്‍ എത്തുകയും അതിലൂടെ ഇന്ധനം പൂര്‍ണയമായും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്. എല്‍.പി.ജി. ഉപയോഗത്തിലൂടെ മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവില്‍ 56 ശതമാനം കുറവും 25 എച്ച്.പി. എഞ്ചിനുകളില്‍ ഏകദേശം 65 ശതമാനം കുറവും മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് കണക്ക്.

കേരളത്തിലാകെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത് 34,024 ബോട്ടുകളാണ്. ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് 9.9 എച്ച്.പി. മണ്ണെണ്ണ എഞ്ചിനുകളാണ്. ഒമ്പത് എച്ച്.പി. എഞ്ചിന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ച് മത്സ്യബന്ധനം നടത്താന്‍ എട്ട് ലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യം. ഒരു മാസത്തെ മണ്ണെണ്ണയുടെ ഉപയോഗം 25 പ്രവൃത്തി ദിവസങ്ങള്‍ കണക്കാക്കിയാല്‍ 1,400 ലിറ്ററിന് ഇന്നത്തെ വിലയനുസരിച്ച് 1,73,600 രൂപ വരും. അതേസമയം, 3.2 കിലോ എല്‍.പി.ജി.യാണ് ഒരു മണിക്കൂര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യം. എല്‍.പി.ജി. ഉപയോഗത്തിലൂടെ മണിക്കൂറില്‍ 656 രൂപ ലാഭിക്കാനാകും. ഒരു മാസം 1,14,800 രൂപ ലാഭിക്കാന്‍ സാധിക്കും എന്നുമാണ് കണക്ക്. ഒരു മണ്ണെണ്ണ എഞ്ചിന് 60,000 രൂപ ചെലവ് വരുമ്പോള്‍ പെട്രോള്‍ എഞ്ചിന് 45,000 രൂപയും ഡീസല്‍ എഞ്ചിന് 30,000 രൂപയും എല്‍.പി.ജി.യ്ക്ക് 15,000 രൂപയുമാണ്. നിലവിലെ സ്ഥിതിയില്‍ എഞ്ചിന്‍ സ്്റ്റാര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നത് പെട്രോളും ഓടിക്കാനുള്ള ഇന്ധനം മണ്ണെണ്ണയുമാണ്. എല്‍.പി.ജി. കിറ്റും ലൂബ് ഓയിലുമാണ് പുതിയ സംവിധാനത്തില്‍ ഉപയോഗിക്കുന്നത്.