മണ്ഡലമകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; അയ്യപ്പദര്‍ശനത്തിന് ഭക്തജന തിരക്ക്

post

പത്തനംതിട്ട  : ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. 2019 20 വര്‍ഷത്തെ മണ്ഡലമകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു.ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് യോഗ നിദ്രയിലായിരുന്ന  ഹരിഹരസുതന്റെ  മുന്നില്‍ വിളക്ക് തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു.ശരണം വിളികളുമായി കൈകൂപ്പി നിന്ന അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്തു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എന്‍.വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ രാഹുല്‍ ആര്‍.നായര്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ മനോജ്, തുടങ്ങിയവര്‍ നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശനത്തിനെത്തിയിരുന്നു.
പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ തീ പകര്‍ന്ന ശേഷം  ഇരുമുടി കെട്ടുമായി ദര്‍ശനത്തിന് കാത്തു നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചു. നട തുറന്ന ദിവസം കലിയുഗവരദ  ദര്‍ശനപുണ്യം തേടി വന്‍ ഭക്തജന തിരക്കായിരുന്നു.പുതിയ ശബരിമല മേല്‍ശാന്തിയെ അവരോധിക്കുന്ന ചടങ്ങ് 6.15ന് ആരംഭിച്ചു. തന്ത്രി കണ്ഠര്  മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു അവരോധിക്കല്‍ ചടങ്ങ്. ശബരിമല മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശേഷം  അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്ന് നല്‍കി.
മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയുടെ  അവരോധിക്കല്‍ ചടങ്ങ് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗത്തിനുണ്ടായ ദേഹവിയോഗം കാരണം  നടത്തിയില്ല. ഈ മാസം 23 ന് ആണ് അദ്ദേഹത്തിന്റെ അവരോധിക്കല്‍ ചടങ്ങ് നടക്കുക. വൃശ്ചികപ്പുലരിയില്‍ ഇന്ന് (17) പുലര്‍ച്ചെ മൂന്നിന് അയ്യപ്പ ശ്രീകോവില്‍ നട തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ആയിരിക്കും. മാളികപ്പുറം ക്ഷേത്രനട തന്ത്രിയുടെ പരികര്‍മി  തുറന്ന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനപുണ്യത്തിന് വഴിയൊരുക്കും. മണ്ഡലകാലത്ത്   അയ്യപ്പദര്‍ശനപുണ്യത്തിനായി വന്‍ ഭക്തജന തിരക്കായിരിക്കും ശബരിമലയില്‍ അനുഭവപ്പെടുക. ഡിസംബര്‍ 27 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. വിശ്ചികം ഒന്നിന് ശബരിമല നട തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ എം. ഹര്‍ഷന്‍ തുടങ്ങിയവര്‍ ക്ഷേത്ര ദര്‍ശനത്തിനായി ഉണ്ടാകും.