കോവിഡ് 19: പൊതുവിതരണവകുപ്പ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

post

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുവിതരണ വകുപ്പ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കാവുന്ന റേഷന്‍കടകളിലെ ഇപോസ് പഞ്ചിംഗ് (ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം) ഈ മാസം 31 വരെ ഒഴിവാക്കിയിട്ടുണ്ട്. റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലില്‍ വരുന്ന ഒ.റ്റി.പി. (പാസ് വേഡ്) വഴിയായോ അതും ഏതെങ്കിലും കാരണവശാല്‍ നടക്കാത്ത സാഹചര്യത്തില്‍ മാനുവലായോ പഞ്ചിംഗ് ഇല്ലാതെതന്നെ റേഷന്‍ വിതരണം നടത്തും. ഇതിനായി സോഫ്ട് വെയര്‍ പുതുക്കിയത് ജില്ലയിലെ റേഷന്‍കടകളില്‍ നടപ്പില്‍വരുത്തിയിട്ടുണ്ട്.

കൊറോണ ബാധിച്ച വീടുകളില്‍ ഐസൊലേറ്റ് ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ അവരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുവിതരണ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങിവയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. 

ഓഫീസുകളിലെ സന്ദര്‍ശനം കഴിവതും ഒഴിവാക്കി അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം നല്‍കണം. റേഷന്‍ ഡീലര്‍മാര്‍ക്കോ സെയില്‍സ്മാന്‍മാര്‍ക്കോ പനി, ജലദോഷം, ചുമ മുതലായ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കടയില്‍നിന്ന് മാറ്റിനിര്‍ത്തി ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍/റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം രോഗലക്ഷണങ്ങളുള്ളവരുടെ സാന്നിദ്ധ്യം ഓഫീസിലും ഒഴിവാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.