കരുതലിന്റെ അഞ്ച് വര്‍ഷങ്ങളുമായി സ്നേഹിത

ജില്ലയില്‍ സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. സ്ത്രീകള്‍, കുട്ടികള്‍, മറ്റു പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇവരെ സാമൂഹ്യപരമായി ഉയര്‍ത്തുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് പന്തളം മെഡിക്കല്‍ മിഷന് ജംഗ്ഷന് സമീപമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 2634 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 189 പേര്‍ക്ക് താത്കാലിക അഭയം നല്‍കാനും സ്നേഹിതക്ക് കഴിഞ്ഞു.
ഗാര്‍ഹികപീഡനം, ഇതര കുടുംബപ്രശ്നങ്ങള്‍, മദ്യപാനം മൂലമുള്ള പ്രശ്നങ്ങള്‍, കുട്ടികളുമായും വയോജനങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഭൂരിഭാഗവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യഥാസമയം കൗണ്‍സിലിംഗ്, മാനസികപിന്തുണ, നിയമസഹായം, മറ്റ് സര്‍ക്കാര്‍ സേവനസംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കല്‍, ഉപജീവനമാര്‍ഗങ്ങളിലേക്ക് നയിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സ്നേഹിതക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ സ്ത്രീ ശാക്തീകരണ പദ്ധതികളെ സമൂഹത്തിന്റെ താഴെത്തട്ടില്‍ എത്തിക്കല്‍, ലിംഗതുല്യത, ലിംഗസമത്വം ഉറപ്പാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ , ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട താമസിക്കുന്നവര്‍ക്ക് മാനസികപിന്തുണ ഉറപ്പാക്കാന്‍ സ്നേഹിത കോളിംഗ് ബെല്‍, പട്ടികവര്‍ഗ മേഖലയില്‍ വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മരിമ്പ, ലക്ഷ്യ എന്ന പേരില്‍ ഉപജീവന കേന്ദ്രം, അടൂര്‍, പന്തളം പോലീസ്സ്റ്റേഷനുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധതലങ്ങളില്‍ ഉള്ള അവബോധ പ്രവര്‍ത്തനങ്ങളും സ്നേഹിതയുടെ ഭാഗമായി നടക്കുന്നു.
കുടുംബശ്രീയുടെ ജെന്‍ഡര്‍ വികസന വിഭാഗത്തിന് കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിതയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, രണ്ട് സെക്യൂരിറ്റി, ഒരു ഓഫീസ് അസിസ്റ്റന്റ്, കെയര്‍ടേക്കര്‍ ഉള്‍പ്പെടെ 11 ജീവനക്കാരുണ്ട്