സംരംഭങ്ങൾക്ക് അനുകൂല അന്തരീക്ഷമാണ് കേരളത്തിലുള്ളത്: മന്ത്രി പി രാജീവ്

post

കോഴിക്കോട്: കേരളത്തിലെ സംരംഭക സമൂഹത്തിൽ ആത്മവിശ്വാസം ഉണ്ടെന്നും സംരംഭങ്ങൾക്ക് അനുകൂല അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കണ്ണൂർ അടിസ്ഥാനമായി തുടങ്ങുന്ന മലബാർ ഫർണിച്ചർ ഹബ്ബിന്റെ ഉദ്ഘാടനം കോഴിക്കോട് ഗസ്റ്റ്‌ ഹൌസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഫർണിച്ചർ മേഖലയിൽ മെയ്ഡ് ഇൻ കേരള ബ്രാൻഡ് പരിപോഷിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ നടപ്പിലാക്കും. മാറി വരുന്ന അഭിരുചികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കണം.

കൺസോർഷ്യങ്ങളിലൂടെ കേരള ബ്രാൻഡ് നിർമ്മിച്ച്‌ ലോകവിപണിയിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന് ജിഎസ്ടി നഷ്ടപ്പെടുത്തി അനധികൃതമായി തെരുവോര കച്ചവടം നടത്തുന്നത് നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതി അടുത്ത വർഷവും തുടരുമെന്നും മന്ത്രി പറഞ്ഞു.

ഫർണിച്ചർ അസോസിയേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഹമ്മദ്‌ ഷിറാസിനെ ഫർണിച്ചർ ഹബ്ബിന്റെ നോഡൽ ഓഫീസറായി നിയമിച്ചു.

ഫർണിച്ചർ മാനുഫാക്ചേഴ്സ് മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്റ്റർ ഫർണിച്ചർ കൺസോർഷ്യങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ അടിസ്ഥാനമായി മലബാർ ഫർണിച്ചർ ഹബ്ബ് തുടങ്ങുന്നത്.

2023 മെയ് 5,6 തീയതികളിൽ നടത്തുന്ന ഫർണിച്ചർ എക്സിബിഷന്റെ ഫ്ലോർ പ്ലാൻ റിലീസും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. അസോസിയേഷന്റെ വിവിധ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.