നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു

post

നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളില്‍ സമഗ്ര ശിക്ഷ ഇടുക്കി കേരള- സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ. നിര്‍വഹിച്ചു. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ എത്തുന്ന കുരുന്നുകളെ അത്ഭുത കാഴ്ചകളിലൂടെ കൈപിടിച്ചുയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിന് 30 ഇടങ്ങളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വേദിയെ അറിഞ്ഞ് അഭിനയവും നൃത്തവും പാട്ടുമൊക്കെ അഭ്യസിക്കുന്നതിന് അരങ്ങ്, ആകാശ ഗോളങ്ങളെ അറിയാന്‍ ചലിക്കുന്ന സൗരയൂഥ മാതൃക, ആനയും ജിറാഫും കടുവയും ഗുഹയും പുഴയുമൊക്കെയുള്ള ഉദ്യാനം തുടങ്ങിയ ഒട്ടനവധി കാഴ്ചകളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. ജല വ്യോമ, റെയില്‍, കര ഗതാഗതങ്ങളെ സമന്വയിപ്പിച്ച് വാഹന മാതൃകയും ഒരുക്കിയിട്ടുണ്ട്. പഴയ സ്‌കൂള്‍ ബസാണ് ട്രെയിനായി മാറ്റിയിരിക്കുന്നത്.

സ്റ്റാര്‍സ് പദ്ധതിയില്‍ പ്രീപ്രൈമറി വികസനത്തിനായി അനുവദിച്ച 10 ലക്ഷം രൂപയ്ക്കൊപ്പം നാട്ടുകാരുടെ സഹകരണത്തോടെ സ്വരൂപിച്ച ഏഴ് ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കുട്ടികള്‍ക്ക് കളിച്ചുല്ലസിയ്ക്കാന്‍ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പ്ലേ ഹബുകളും സ്‌കൂളിലുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ജൈവ വൈവിധ്യ ഉദ്യാനം, വാഹന മ്യൂസിയം, സയന്‍സ് മ്യൂസിയം, ഔട്ട്‌ഡോര്‍ പ്ലേ ഹബ്, അരങ്ങ്, പ്രീ പ്രൈമറി ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് തിരുവാതിര, കോല്‍ക്കളി, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.