കണക്ക് പഠനം എളുപ്പമാക്കി നോളജ് വില്ലേജ് ക്ലാസ്; റാന്നി എം എൽഎയുടെ പദ്ധതി സൂപ്പർഹിറ്റ്

post

ഗണിതത്തെ ഇനി ഭയപ്പെടേണ്ട, പ്രത്യേകിച്ച് കോളജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ. അഡ്വ പ്രമോദ് നാരായൺ എം എൽഎയുടെ നേതൃത്വത്തിൽ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് കണക്ക് എളുപ്പം മനസിലാക്കി കണക്കിനോടുള്ള ഭയം ഒഴിവാക്കുന്നതിനായി വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഏർപ്പെടുത്തിയ പഠന പദ്ധതിയായ ജ്വാല സൂപ്പർ ഹിറ്റായി. ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കോളജ് വിദ്യാർഥികൾ ഓൺലൈനിൽ കണക്ക് പഠിപ്പിക്കുന്നത്. പദ്ധതിയുടെ തുടക്കമായി റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെയും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാൻ ആരംഭിച്ചത്.

കുട്ടികൾക്ക് ഇഷ്ടവിഷയമാക്കി കണക്ക് മാറ്റിയെടുക്കുന്നതിനൊപ്പം വ്യക്തിത്വ വികസന ക്ലാസുകളും നൽകും . 16 ദിവസമാണ് ക്ലാസ് ഉണ്ടായിരിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസം വൈകിട്ട് ഓരോ മണിക്കൂർ വീതമാണ് ക്ലാസ് . വിവിധ ജില്ലകളിലെ കോളജുകളിൽ പഠിക്കുന്ന കുട്ടികളും ഇൻസൈറ്റിൽ നിന്നും ട്രെയിനിംഗ് ലഭിച്ച വോളണ്ടിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുന്നത്. രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ വഴിയാണ് ക്ലാസ് . റാന്നിയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

Pta