ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ടം: വെള്ളിയാമറ്റത്ത് 66 കുടുംബങ്ങള്‍ക്ക് വാസഗൃഹം

post

ഇടുക്കി: വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടം താക്കോല്‍ദാന ചടങ്ങും, ഭിന്നശേഷി വിഭാഗങ്ങള്‍ക്കുള്ള പെട്ടിക്കട വിതരണവും, മഞ്ചാടി കൂടാരത്തിന്റെ (ടീച്ച് ഫോര്‍ മാത്സ്) പ്രഖ്യാപനവും ഉള്‍പ്പടെ നിരവധി പരിപാടികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി നിര്‍വ്വഹിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ രണ്ടാം ഘട്ടത്തിലെ 99 വീടുകളില്‍ പൂര്‍ത്തീകരിച്ച 66 എണ്ണത്തിന്റെ താക്കോലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ പദ്ധതി രേഖയുടെ പ്രകാശനം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ എം. പി. അജിത്കുമാറും, പൗരാവകാശ രേഖ സമര്‍പ്പണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കുര്യാക്കോസും നിര്‍വഹിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സിമോള്‍ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ് എസ്, അഞ്ചു വിജീഷ്, ഷെമീന അബ്ദുള്‍ കരിം, രാഘവന്‍ കെ.കെ, സുധാ ജോണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ. വി. ചാക്കോ, ഊര്മൂപ്പന്മാരുടെ പ്രതിനിധി എം. ഐ. ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. പദ്ധതി നിര്‍വ്വഹണ രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുകയും ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ്‌സ വി. ജി. മോഹനന്‍ സ്വാഗതവും, മെമ്പര്‍ രാജു കുട്ടപ്പന്‍ നന്ദിയും പറഞ്ഞു.