മലയിടംതുരുത്ത് ജി.എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
 
                                                കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം മുന്നോട്ട് വെക്കുന്നത് നവീകരണത്തിന്റെയും ഐക്യപ്പെടലിന്റെയും സൂചകങ്ങളാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മലയിടംതുരുത്ത് ജി.എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ ആദ്യം മുതൽ കേരളം പ്രഥമ ശ്രേണിയിലാണ്. നവകേരള നിർമ്മാണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നാല് മിഷനുകളിൽ ഒന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായിരുന്നു. തുടർന്ന് പൊതുവിദ്യാലയങ്ങൾ എന്തിനെന്ന് ചോദിച്ചവരുടെ മക്കൾ പോലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നിലയിലെത്തി.ഈ മാറ്റം സ്വാഭാവികമായി സംഭവിച്ചതല്ല. സർക്കാർ ആർജ്ജവത്തോടെയും നിശ്ചയ ദാർഡ്യത്തോടെയും തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്തതുകൊണ്ടാണ്. വിദ്യാഭ്യാസം ഉൾപ്പെടെ നാടിന്റെ പൊതുവായ കാര്യങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി കൂട്ടായ്മകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ മലയിടംതുരുത്ത് ഗവണ്മെന്റ് എൽ.പി സ്‌കൂളിന് 2016-17 വർഷത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 97 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.










