കുട്ടികള്‍ക്ക് രക്ഷാപ്രവര്‍ത്തന പാഠങ്ങള്‍ പകര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍

post

പത്തനംതിട്ട : വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനം ശാസ്ത്രീയമായി നടത്താന്‍ സഹായിക്കുന്ന ബോധവത്ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന. ചെന്നൈ ആരക്കോണം നാലാം ബെറ്റാലിയന്‍ ടീമംഗങ്ങളാണ് റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചത്. 
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടായാല്‍ ഉടനടി  സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനരീതികള്‍ എങ്ങനെയായിരിക്കണമെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു  ബോധവല്‍ക്കരണ ക്ലാസ്. ദുരന്തമേഖലയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കു സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങള്‍, പരുക്കേറ്റവരെ സ്‌ട്രെക്ച്ചറിലും ആംബുലന്‍സിലുമായി ആശുപത്രിയിലെത്തിക്കുബോള്‍ രക്ഷാപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ പരിചരണ രീതികള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ പരിചയപ്പെടുത്തി. അപകടങ്ങള്‍, ഹൃദയാഘാതം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി പരുക്കേറ്റയാളെ എങ്ങനെ പരിചരിക്കണമെന്ന് വിശദമായി പ്രദര്‍ശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള വസ്തുക്കളെ എങ്ങനെ ശാസ്ത്രീയമായി ഉപയോഗിക്കാം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ അവലംബിക്കേണ്ട മാര്‍ഗങ്ങള്‍ ഏതെല്ലാമെല്ലാമെന്നും ബോധവല്‍ക്കരണ ക്ലാസില്‍ വിശദീകരിച്ചു. തങ്ങള്‍ നടത്തിയ വിവിധ രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളിലെ അനുഭവങ്ങളും രക്ഷാപ്രവര്‍ത്തനരീതിയും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ പങ്കുവച്ചു. എന്‍.ഡി.ആര്‍.എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ കോണ്‍റ്റബിള്‍ ഹരീഷിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു ബോധവല്‍ക്കരണ ക്ലാസ് നയിച്ചത്. 
ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ എങ്ങനെ നേരിടാമെന്ന് ഇത്തരം ബോധവല്‍ക്കരണ ക്ലാസ് മനസിലാക്കിതരുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു പറഞ്ഞു.  റാന്നി തഹസിദാര്‍ സാജന്‍ വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എന്‍.ഡി.ആര്‍.എഫ് ആരക്കോണം നാലാം ബറ്റാലിയന്‍ സബ് ഇന്‍പെക്ടര്‍ ഡി.എസ് ഖുഷ്വ മുഖ്യപ്രഭാഷണം നടത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി പാണ്ഡ്യത്ത്, റാന്നി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ഓമനക്കുട്ടന്‍, റാന്നി സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.വിനോദ്, ജിബിന്‍, രാജു മരുതിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തില്‍ ഈ മാസം 16 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ആരക്കോണം നാലാം ബറ്റാലിയന്‍ ദുരന്ത സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുക, ദുര്‍ബല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുക, ദുരന്തം ഉണ്ടായാല്‍ അവയെ അഭിമുഖീകരിക്കാന്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ സജ്ജമാണോയെന്ന് പരിശോധിക്കുക, നിര്‍വഹണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച തുടങ്ങിയ കാര്യപരിപാടികള്‍ നടത്തും.