ഭാവി വികസനത്തിന് കരുത്താകുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ റീസര്‍വേ: മന്ത്രി വീണാ ജോര്‍ജ്

post

ജില്ലയുടെ ഭാവി വികസനത്തിന് കരുത്താകുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ റീസര്‍വേ എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരീഷ്ഹാളില്‍ നടന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ കാരണം ജില്ലയിലെ പല വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ ശാസ്ത്രീയമായ രീതിയില്‍ നടത്തി റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള നല്ല ഇടപെടലാണ് ഉണ്ടാകുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വേഗത്തില്‍ റീസര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയും. റീസര്‍വേ പൂര്‍ത്തീകരിക്കാനുള്ള മറ്റ് വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി സമയബന്ധിതമായി സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.