ഓരോ പ്രദേശത്തിന്റെയും വ്യവസായ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാനാകണം

post

ഓരോ പ്രദേശത്തിന്റെയും വ്യവസായ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാനാകണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ഗവ ഗസ്റ്റ് ഹൗസിൽ നടന്ന വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ബേപ്പൂർ നിയോജക മണ്ഡലതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവർത്തനം ത്വരിതപ്പെടുത്തണം. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചു പ്രവർത്തിക്കുകയും പൊതുജനങ്ങൾക്കിടയിൽ പ്രചരണം ശക്തിപ്പെടുത്തുകയും വേണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും മാസത്തിലൊരിക്കൽ വാർഡ് തല യോഗം ചേരുകയും വേണം. പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലം അടിസ്ഥാനത്തിൽ ജോബ് എക്സ്പോ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.