എടവനക്കാട് നേതാജി ബീച്ച് റോഡ് ഉന്നത നിലവാരത്തിലേക്ക്: 59.90 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക്‌ അനുമതി

post

എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ 11-ാം വാര്‍ഡിലെ നേതാജി ബീച്ച് റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനു 59.90 ലക്ഷം രൂപയുടെ അനുമതി. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു മത്സ്യബന്ധന വകുപ്പ് റോഡ് പുതുക്കി നിര്‍മ്മിക്കുന്നത്. 440 മീറ്റര്‍ നീളത്തില്‍ നവീകരിക്കുന്ന റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടികളുണ്ടാകുമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ വ്യക്തമാക്കി. നിലവിലുള്ളതിലും ഉയരംകൂട്ടിയശേഷം ടൈല്‍ വിരിക്കും. ഇരുവശത്തും സംരക്ഷണ ഭിത്തിയുമുണ്ടാകും. പ്രധാന റോഡിനു നാലു മീറ്ററും ഉപറോഡിന് 2.60 മീറ്ററുമായിരിക്കും വീതി. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനാണു നിര്‍വഹണ ചുമതല.

പഞ്ചായത്തിലെ എച്ച്.ഐ.എച്ച്.എസ് സ്‌കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിന്10 ലക്ഷം രൂപയും അനുവദിച്ചു. ഗ്രാമപഞ്ചായത്തിലെ രണ്ടു പദ്ധതിക്കുമായി 69.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു.

കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് ആയിരത്തി എണ്ണൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നത്. വൈപ്പിന്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് നിര്‍വഹണ ചുമതല.