മട്ടുപാവില്‍ കോഴിവളര്‍ത്തല്‍ പദ്ധതി: കോഴികുഞ്ഞുങ്ങളെയും കോഴികൂടും വിതരണം ചെയ്തു

post

പത്തനംതിട്ട : മട്ടുപ്പാവില്‍ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി ഗ്രാമപഞ്ചായത്ത് 208 കുടുംബങ്ങള്‍ക്ക് ഹൈഡന്‍സിറ്റി കോഴികൂടും മൂന്നുമാസം പ്രായമായ 10 മുട്ടകോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്തു. കോഴികുഞ്ഞുങ്ങളുടെയും ഹൈഡന്‍സിറ്റി കൂടിന്റെയും വിതരണോദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ ഹൈഡന്‍സിറ്റി കൂടൊന്നിന് 7313 രൂപ വിലയുണ്ട്. ഒരു കോഴിക്കൂടിനും 10 കോഴികുഞ്ഞുങ്ങള്‍ക്കുമായി മൊത്തം 8713 രൂപ വിലവരും.  പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ 4357 രൂപ ഗുണഭോക്തൃവിഹിതമായി അടയ്ക്കണം. ബാക്കി തുക സബ്‌സിഡി ഇനത്തില്‍ ലഭിക്കും. റാന്നി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മുട്ട ഉത്പാദന പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ 2019 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1812304 രൂപയാണ് വിനിയോഗിക്കുന്നത്.
റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബിത ബിജു, എ.എന്‍ സോമന്‍, സി.ജി വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സുധാകുമാരി, സീനിയര്‍ വെറ്ററിനറി ഡോക്ടര്‍ ബെന്നി എബ്രഹാം, ഡോക്ടര്‍ കെ.ആര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.