ടീം വര്‍ക്ക് ഗുണകരമായി മാറി; ശബരിമല റോഡ് നവീകരണത്തില്‍ നേട്ടം കൈവരിച്ചു

post

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തില്‍ മികച്ച നേട്ടം കൈവരിക്കാനായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ റോഡുകളുടെ പരിശോധന ആദ്യ ദിവസം പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായി നടത്തിയ പ്രവര്‍ത്തനമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായത്. ടീം വര്‍ക്കാണ്് ഗുണകരമായതെന്നും മന്ത്രി പറഞ്ഞു.

തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇടപെട്ടിട്ടുള്ളത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും അനുബന്ധമായ മറ്റു പ്രധാന റോഡുകളും പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരുന്നു. സെപ്റ്റംബര്‍ 23ന് ഈ റോഡുകളുടെ പരിശോധന നടത്തിയിരുന്നു. ഇങ്ങനെ പരിശോധന നടത്തിയപ്പോള്‍ 19 റോഡുകളില്‍ 14 റോഡുകള്‍ പ്രയാസമുള്ള സ്ഥിതിയിലാണെന്ന് കണ്ടെത്തിയിരുന്നു. പ്രയാസങ്ങളില്ലാത്ത അഞ്ചു റോഡുകളാണ് ഉണ്ടായിരുന്നത്. 14 റോഡുകള്‍ സമയം നിശ്ചയിച്ച് ഓരോ പ്രവര്‍ത്തിയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19നും 20നും ഈ റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി ഉള്‍പ്പെടുന്ന ടീമായി നേരിട്ടു വിലയിരുത്താനും തീരുമാനിച്ചിരുന്നു.

നിലവില്‍ 19 റോഡില്‍ മൂന്നു റോഡുകളുടെ കാര്യത്തില്‍ മാത്രമേ ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളു. 16 റോഡുകളും നിശ്ചയിച്ചതുപോലെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇതില്‍ ചെറിയ കുഴപ്പങ്ങള്‍ ഉള്ള റോഡുകള്‍ കെഎസ്ടിപി പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ഈ റോഡുകളുടെ പ്രവര്‍ത്തനത്തിന് സമയം നിശ്ചയിച്ചിട്ടുള്ളതാണ്. പുനലൂര്‍- പത്തനാപുരം റോഡില്‍ പത്തനാപുരം ടൗണുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ റോഡിന്റെ 16 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തിയും ബാക്കി 14 കിലോമീറ്റര്‍ ഗതാഗത യോഗ്യമാക്കുന്ന പ്രവര്‍ത്തിയും ഒക്ടോബര്‍ 25ന് അകം പൂര്‍ത്തിയാക്കും.

ക്യാമ്പ് ചെയ്തു കൊണ്ട് ഇതു നിരീക്ഷിക്കുന്നതിന് കെഎസ്ടിപിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ട്. പത്തനാപുരം ടൗണില്‍ പോയപ്പോള്‍ ദയനീയമാണ് സ്ഥിതി. അടിയന്തിര ഇടപെടലാണ് അവിടെ നടത്താന്‍ നിര്‍ദേശിച്ചത്. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും ടൗണിലെ അറ്റകുറ്റപ്പണി നടത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ടൗണിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ബാക്കിയുള്ള പ്രവര്‍ത്തികള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

പ്ലാപ്പള്ളി- ആങ്ങമൂഴി റോഡിന്റെ ബിഎം പ്രവര്‍ത്തി നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കും. ഇതിനു പുറമേ ജനപ്രതിനിധികളും ജനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ള റോഡുകള്‍ ഉണ്ട്. ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം റോഡിന്റെ പരാതികള്‍ നിരവധി വന്നിട്ടുണ്ട്. ഇതിന്റെ 10 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ ബിഎം-ബിസി പ്രവര്‍ത്തി ഡിസംബര്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കും.

നല്ല ഫലമാണ് ടീം വര്‍ക്കിന്റെ ഭാഗമായി കാണാന്‍ സാധിച്ചത്. ബാക്കി കാര്യങ്ങള്‍ കൂടി നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഭാവിയിലും നല്ല നിലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ കൊണ്ടുപോകാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ വലിയൊരു ശതമാനം നല്ലനിലയില്‍ പൂര്‍ത്തീകരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനു സഹകരിച്ച കരാറുകാര്‍, ഉദ്യോഗസ്ഥര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍,  തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പുനലൂര്‍ - പത്തനാപുരം റോഡ്, കോന്നി- മൈലപ്ര റോഡ്, മണ്ണാറകുളഞ്ഞി- വടശേരിക്കര - പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം - പമ്പ റോഡ്, പ്ലാപ്പള്ളി- ആങ്ങാമുഴി റോഡ് എന്നിവ മന്ത്രി ബുധനാഴ്ച സന്ദര്‍ശിച്ചു. ഇന്ന് (20) രാവിലെ 10.30ന് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമ്മൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. രാവിലെ റാന്നി- കോഴഞ്ചേരി- തിരുവല്ല റോഡും ഉച്ചയ്ക്ക് ശേഷം പന്തളം- കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട റോഡും സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റില്‍ അവലോകന യോഗം ചേരും.