ആവണിപ്പാറയില്‍ പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം

post

ആവണിപ്പാറയിലെ ജനങ്ങളുടെ  പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. പാലം പണിയുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും നിര്‍ദ്ദേശം നല്‍കിയതായി പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആവണിപ്പാറ കോളനിയിലെ മുപ്പത്തിനാല് കുടുംബങ്ങളാണ് പാലമില്ലാത്തതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിക്കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. പാലം നിര്‍മാണത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കും. ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണത്തിന് വേണ്ടിയുള്ള വനംവകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്ന് കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ അറിയിച്ചു  ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ആവണിപ്പാറയിലെ പ്രശ്‌നപരിഹാരത്തിന് വേണ്ടി പല തവണ യോഗങ്ങള്‍ കൂടിയിരുന്നു. ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

pta