നിലയ്ക്കയിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

post

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. പോലീസ് ഉള്‍പ്പെടെ ശബരിമല ഡ്യുട്ടിക്ക് എത്തുന്നവര്‍ക്ക് നിലയ്ക്കല്‍ ഹെലിപ്പാടിന് സമീപം താമസിക്കുന്നതിനായി താല്‍ക്കാലികമായി ഒരുക്കുന്ന താമസ സ്ഥലങ്ങളുടെ അവസാന ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി ഒരുക്കിയിരുന്ന താമസ സൗകര്യങ്ങള്‍ക്ക് പുറമേയാണ് ഇവിടേയും താമസം സൗകര്യം ഒരുക്കിയത്. 600 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാന്‍ കഴിയും. ഗോശാലയ്ക്ക് സമീപം പുതിയതായി ഒരുക്കിയ  20,000 ചതുശ്ര മീറ്റര്‍ വ്യാപ്തിയിലുള്ള വാഹന പാര്‍ക്കിംഗ് സൗകര്യവും  കളക്ടര്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പാര്‍ക്കിംഗ് മേഖലയില്‍ വാഹനങ്ങള്‍ക്ക് എത്തുന്നതിനായി ഒന്നര കിലോമീറ്റര്‍ പാതയൊരുക്കിയിട്ടുണ്ട്. 

നിലയ്ക്കല്‍ ആവശ്യമുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 20 അകം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.