രാജ്യത്തെ ആദ്യ ആരോഗ്യ നഗരമാകാൻ വടക്കാഞ്ചേരി നഗരസഭ

post

സ്വപ്ന ആശയമായ ആരോഗ്യ നഗരം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി വടക്കാഞ്ചേരി നഗരസഭ. നിരന്തരമായ പഠന പരിപാടികളിലൂടെയും ബഹുജന ബോധവൽക്കരണത്തിലൂടെയും മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടു വരുന്നതെന്ന് അധികൃതർ പറഞ്ഞു. 2022ലെ ബജറ്റിലാണ് ഈ നവീന ആശയ പദ്ധതി നഗരസഭ മുന്നോട്ട് വെച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 9.30ന് ആര്യംപാടം പകൽവീട്ടിൽ വെച്ച് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.

കമ്മ്യൂണിറ്റി സ്കൂൾ ഓഫ് ഹെൽത്തി ഏജിങ് എന്നതാണ് ആരോഗ്യ നഗരം പദ്ധതിയുടെ കാതൽ. വാർദ്ധക്യത്തിലേക്ക് എത്തുന്നവർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. ഇതിനായി വയോധികർക്കും മധ്യവയസ്കർക്കും പ്രത്യേകം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. യുവതലമുറയ്ക്ക് ഇനിയുള്ള കാലത്ത് എങ്ങനെയൊക്കെ ജീവിച്ചാലാണ് ആരോഗ്യകരമായി വാർദ്ധക്യം ആഘോഷിക്കാൻ കഴിയുക എന്നുള്ള രീതിയിൽ പൊതുസമൂഹത്തെ പരിശീലിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന പരിപാടി. ബഹുജന മുന്നേറ്റം സാധ്യമാകുന്ന രീതിയിലേക്ക് നിരവധി പഠന പ്രചാരണ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടങ്ങളിൽ നടത്തും. പദ്ധതിയുടെ പ്രാരംഭഘട്ട പരിപാടികൾക്കായി 5 ലക്ഷം രൂപ നഗരസഭ വകയിരുത്തി.

വയോജനങ്ങളെ പരിചരിക്കാൻ താല്പര്യമുള്ള ഹോംനഴ്സുമാർക്ക് ജെറിയാട്രിക് കെയർ പരിശീലനവും അംഗീകൃത സർട്ടിഫിക്കറ്റും നൽകും. വീടുകളിലും പൊതുസ്ഥാപനങ്ങളിലും വയോജനങ്ങൾക്ക് ആയാസരഹിതമായി ഇടപെടുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് പരിശീലനവും പ്രചാരണവും നടത്തും.

കില, കേരള ആരോഗ്യ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പരിപാടികൾ കില ആസൂത്രണം ചെയ്യും. മെഡിക്കൽ പരിശീലനങ്ങൾ കേരള ആരോഗ്യ സർവകലാശാല നടത്തും. പരിപാടിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യവും സംഘാടനവും നഗരസഭ ഒരുക്കും.

ആരോഗ്യ നഗരം പദ്ധതിക്ക് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു. ഒരു സാമൂഹ്യ പാഠശാല എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ പറഞ്ഞു. ലോകാരോഗ്യ സംഘടന ഉൾപ്പെടെ നടത്തിയ പഠനങ്ങളുടെ പ്രാദേശികവൽക്കരണം കൂടിയാണ് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.