ഇന്ത്യയില്‍ ആദ്യമായി ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായി

post

ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തൃശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയില്‍ പ്രവര്‍ത്തനക്ഷമമാവുന്നു. വീടുകളില്‍ നേരിട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 2023 - 24 വാര്‍ഷിക പദ്ധതിയില്‍ 50 ലക്ഷം രൂപ വകയിരുത്തിയാണ് മാലിന്യ സംസ്‌കരണ സംവിധാനത്തിന് നാഴികകല്ലായ ഈ ബൃഹത് പദ്ധതി നഗരസഭ നടപ്പിലാക്കുന്നത്.

വാഹനത്തില്‍ തയ്യാറാക്കിയ ആധുനിക യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടുന്ന പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി, സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന സംവിധാനമാണിത്. ഒരു ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ്, സെപ്റ്റിക് ടാങ്കുകളിലെ ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തിക്കുക.

എം.ടി.യു സംസ്‌കരിച്ചതിന് ശേഷമുള്ള വെള്ളം മലിനീകരണം ഇല്ലാത്തതും, കൃഷിക്കും മറ്റും ഉപയോഗിക്കാനും സാധിക്കും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ മണമോ സംസ്‌കരിച്ച ജലത്തില്‍ ഉണ്ടാവില്ല. ബാക്കി വരുന്ന ഖരമാലിന്യം യന്ത്ര സംവിധാനത്തില്‍ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും.

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്യു എ എസ് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്, തിരുവനന്തപുരത്തെ ഭൗമ എന്‍വിരോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭക്ക് വേണ്ടി ഇതിന്റെ നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.

തുടര്‍പ്രവര്‍ത്തനവും പരിപാലനവും ഇവരെ തന്നെയാണ് നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്‌കരണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സംവിധാനം കൂടിയാണിത്. ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കൂറില്‍ 6000 ലിറ്ററാണ്. മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ പ്ലാന്റ് പ്രവര്‍ത്തിക്കും. യൂസര്‍ ഫീ കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ഈടാക്കും.

എസ്ടിപി പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വൈകീട്ട് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.