അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

post

തൃശൂർ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി എൻ.കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. 40 ഓളം കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കുടിവെള്ള കണക്ഷൻ നൽകി. കാതലങ്ങാടി പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതി വഴി കഴിയും.

അബൂബക്കർ മാസ്റ്ററുടെ സ്മരണാർത്ഥം മക്കൾ പഞ്ചായത്തിന് വിട്ടുനൽകിയ ഒരു സെന്റ് ഭൂമിയിലാണ് പദ്ധതി പൂർത്തീകരിച്ചത്. സ്ഥലം വിട്ടുനൽകിയ മാസ്റ്ററുടെ മകൾ സൗദയെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ചടങ്ങിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര, പഞ്ചായത്ത് അംഗം ദേവകി ശ്രീധരൻ, കുടിവെള്ള ഗുണഭോക്തൃ സമിതി സെക്രട്ടറി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.