സ്ത്രീ സുരക്ഷക്ക് തായിഖോണ്ഡ പരിശീലനം

post

ഇടുക്കി: സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി 100 പെണ്‍കുട്ടികള്‍ക്ക് തായിഖോണ്ഡ പരിശീലനം നല്‍കി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി നിര്‍വ്വഹിച്ചു. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായാണ് പദ്ധതിയിലൂടെ പരിശീലനം നല്‍കുന്നത്. ശാരീരിക മാനസിക വളര്‍ച്ചക്കൊപ്പം പെണ്‍കുട്ടികള്‍ സ്വയരക്ഷാര്‍ത്ഥം പഠിച്ചിരിക്കേണ്ടുന്ന അഭ്യാസമുറയെന്ന നിലയിലാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പെണ്‍കുട്ടികള്‍ക്കായി തായിഖോണ്ഡ പരിശീലനം നല്‍കുന്നത്. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആയിരമേക്കര്‍ ജനത യുപി സ്‌കൂള്‍, വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കല്ലാര്‍കുട്ടി സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ 100 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്.  വനിതാ അധ്യാപിക എല്ലാ ആഴ്ച്ചയിലും ഒരു വര്‍ഷക്കാലം കുട്ടികള്‍ക്ക് പരിശീലനം നല്‍കും. പദ്ധതിക്ക് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.