നിയമസഭാ ലൈബ്രറി ശതാബ്ദിയാഘോഷം: എം.ടിയെ സ്പീക്കര്‍ സന്ദര്‍ശിക്കും

post

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17,18 തീയതികളില്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സന്ദര്‍ശിക്കും. കോഴിക്കോട് നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടി സെപ്റ്റംബര്‍ 17ന് രാവിലെ 11ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2.30ന് വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാറില്‍ സംഘടിപ്പിക്കും. വൈകീട്ട് 5.30ന് കൊയിലാണ്ടി അരങ്ങ് അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദ്യശ്യാവിഷ്‌ക്കാരവും നടക്കും. സെപ്റ്റംബര്‍ 17,18 തീയതികളില്‍ നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെ കുറിച്ചുള്ള ലഘുവീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയം- ചരിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സന്ദര്‍ശനവും നടക്കും.