ഓണാഘോഷത്തിന് സമാപനം

post

ഓണം എല്ലാവരെയും ഒന്നിപ്പിച്ച് ചേര്‍ത്തു: മന്ത്രി എം.ബി. രാജേഷ്

പല നിലയില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്ന ഈ കാലത്ത് അതിനെ എല്ലാം തച്ചുടച്ച് ഓണം എല്ലാവരെയും ഒന്നിപ്പിച്ച് ചേര്‍ത്തുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ജില്ലാ തല സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു വര്‍ഷം ആഘോഷങ്ങളുടെ മേല്‍ കോവിഡ് കരിനിഴല്‍ വീഴ്ത്തി. അതിനോടുള്ള പ്രതികാരം എന്നോണം ഈ വര്‍ഷം ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നിച്ച് ഓണം ആഘോഷിച്ചു. ഓണം എന്നത് സമത്വത്തിന്റെ വിത്ത് ആണെന്നും ആളുകളെ ഒന്നിപ്പിക്കുന്ന ആഘോഷം ആണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് ദിവസങ്ങള്‍ അടൂരിലെ ജനങ്ങള്‍ക്ക് ആഘോഷങ്ങളുടെ മാത്രം ദിന രാത്രങ്ങള്‍ ആയിരുന്നുവെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറെ സമുചിതമായ രീതിയില്‍ നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയാണ് ഓണാഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.