പ്രകൃതി വിഭവങ്ങള്‍ക്ക് ജില്ല നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹം

post

കേന്ദ്ര സര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പരമ്പരാഗതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ജില്ല നല്‍കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്ന് കേന്ദ്രസംഘം വിലയിരുത്തി. മണ്ണിടിച്ചില്‍ തടയാന്‍ നദികളുടെ തിട്ടയില്‍ കോണ്‍ക്രീറ്റിന് പകരം ഉപയോഗിച്ചിരിക്കുന്ന കയര്‍ഭൂവസ്ത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തിയാണെന്നും അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും സംഘം യോഗത്തില്‍ അറിയിച്ചു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തി.

ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍, ചെന്തിട്ടപ്പടി പച്ചതുരുത്ത്, ഇലവുംതിട്ടയിലെ കയര്‍ഭൂവസ്ത്രം, ചെന്നീര്‍ക്കര ഫാം പോണ്ട്, മൂള്ളോട്ട് ഡാം, തെള്ളിയൂര്‍ചിറ എന്നീ സ്ഥലങ്ങളാണ് ആദ്യദിവസം സംഘം സന്ദര്‍ശിച്ചത്. രണ്ടാം ദിവസം മഞ്ഞത്തോട് ട്രൈബല്‍ കോളനി, മൂഴിയാര്‍ ഡാം, ശബരിഗിരി ഹൈഡ്രോഇലക്ട്രിക് പ്രോജക്ട്, മൂഴിയാര്‍ ട്രൈബല്‍ കോളനി, അത്തിക്കയം, റാന്നി അങ്ങാടി അമൃത് സരോവര്‍ പദ്ധതി തുടങ്ങിയ സ്ഥലങ്ങളും മൂന്നാം ദിവസം കുളനടയിലെ കുപ്പണ്ണൂര്‍ ചാലുമാണ് സന്ദര്‍ശിച്ചത്.

തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ജില്ലയിലെ ജലാശയങ്ങളുടെ ജിയോ ടാഗിംഗ് ഓഗസ്റ്റ് 2023 ഓട് കൂടിയും, അമൃത് സരോവര്‍ പദ്ധതി നവംബര്‍ 2023 ന് മുന്‍പും പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്തു.