സ്ത്രീ സുരക്ഷക്ക് പ്രാദേശികമായി 'ജാഗ്രതാ സമിതികള്‍' സജീവമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

post

ഇടുക്കി: സ്ത്രീകളുടെ സുരക്ഷക്കും അവരനുഭവിക്കുന്ന പീഡനങ്ങള്‍ പുറത്തെത്തിച്ച് നിയമപരമായ സംരക്ഷണമൊരുക്കുന്നതിനും പ്രാദേശിക തലത്തില്‍ 'ജാഗ്രതാ സമിതികളുടെ' പ്രവര്‍ത്തനം സജീവമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. തൊടുപുഴ ബ്ലോക്ക് തല ജാഗ്രതാ സമിതിയംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. 
വര്‍ത്തമാനകാല ആഗോള  ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ അന്തസും അഭിമാനവും പദവിയും തകര്‍ക്കപ്പെടുകയാണ്. ഇത്തരം അനുഭവങ്ങള്‍ കൂടുകയാണ്. സ്ത്രീകളെ ഭയം നയിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഏത് സമയത്തും എവിടെ വച്ചും അക്രമിക്കപ്പെടാം. ഒട്ടുമിക്ക സ്ത്രീകളും പരാശ്രയ ജീവിയാണ്. അതാണവരെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നത്. സ്ത്രീധന നിരോധന നിയമം ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാലും പലയിടത്തും സ്ത്രീധനത്തിന്റെ പേരിലുള്ള അക്രമവും കൊലപാതകവും ഇപ്പോഴും തുടരുകയാണ്.  സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ നിലവില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം നിലവില്‍ നിര്‍ജീവമാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക തലത്തിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതെന്ന് ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബിനു, ഏലിക്കുട്ടി മാണി, ജനപ്രതിനിധികളായ മിനി മധു, ജെസി ആന്റണി, ടോമിച്ചന്‍ മുണ്ടുപാലം, റെനി ജോഷി, നഗരസഭാ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജമീല.കെ.കെ. തുടങ്ങിയവര്‍ സംസാരിച്ചു. എം.എന്‍.സുധാകരന്‍ ക്ലാസ് നയിച്ചു.

ജാഗ്രതാ സമിതി

ജാഗ്രതയോടെ കേരള സ്ത്രീ സമൂഹത്തില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ കമ്മീഷന്‍ സംസ്ഥാനത്ത് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചത്. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്ന് ചെല്ലാനും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് സമിതികളിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതിന് സമിതികള്‍ക്കാവും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കുടുംബശ്രീ സംവീധാനത്തിന്റെ സഹായത്തോടെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് ജാഗ്രതാ സമിതികളുടെ രൂപീകരണം.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ക്കൊപ്പം പൊതു സമൂഹത്തില്‍ അവബോധം വളര്‍ത്തിയെടുക്കാനും ജാഗ്രതാ സമിതികള്‍ക്കാവും. ഇനിയും ഇരകള്‍ ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കുകയും അഥവാ ഇരകളായിപ്പോയാല്‍ അവരെ സുരക്ഷിതരായി സംരക്ഷിച്ച് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രാപ്തരാക്കുന്നതിന്റെ ചുമതലയില്‍ പ്രധാന പങ്ക് വഹിക്കുന്നതിനും ജാഗ്രതാ സമിതികളാണ്.