അവധിക്കാല ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു

post

കോഴിക്കോട് : ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളെ അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിന് താല്‍പര്യമുള്ള രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യവിനിമയങ്ങള്‍ സാധ്യമാക്കുന്നതിനും അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് അവസരമൊരുക്കുന്നതിനും  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

തങ്ങളുടെ കുടുംബത്തോടൊപ്പം കുട്ടികളെ താമസിപ്പിക്കാന്‍ സന്നദ്ധതയുള്ള കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ ഏതൊരു കുടുംബത്തിനും മാര്‍ച്ച് 15 നകം പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 04952378920, 9995337208.