സ്വാതന്ത്ര്യത്തിന്റെ അമൃതുമായി അക്ഷരമുറ്റങ്ങളിൽ ഗാന്ധിമരം

post

ജില്ലയിലെ 1028 സ്കൂളുകളിലും ഗാന്ധിമര തൈകൾ

സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ പൊതുവിദ്യാലയമുറ്റങ്ങളിൽ ഇനി ഗാന്ധിമരവും. പൗരബോധത്തിന്റെ വെളിച്ചം വരുംതലമുറയിലേയ്ക്ക് പകരുകയാണ് ഓരോ ഗാന്ധിമരവും. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിത്യസ്മാരകമായി 'ഗാന്ധിമരം' നട്ടാണ് പൊതുവിദ്യാലയങ്ങൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായത്.

"ആസാദി കാ അമൃത് മഹോത്സവ്" ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 1028 സ്കൂളുകളിലും 'ഗാന്ധിമരം' എന്ന പേരില്‍ ഫലവൃക്ഷ തൈ നട്ടത്. ജില്ലാതല പരിപാടി വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍.പി സ്കൂളില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധിമരം എന്ന പേര് എഴുതി വെയ്ക്കുന്നതിനൊപ്പം തൈകൾ മറകെട്ടി സംരക്ഷിക്കും.

ജില്ലയിലെ മറ്റ് സ്കൂളുകളിലും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഗാന്ധിമരം നട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികള്‍, സൈക്കിള്‍ റാലികള്‍, പ്രശ്നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സ്കൂള്‍ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 13, 14, 15 തിയതികളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. വിദ്യാഭ്യാസ വകുപ്പിനൊപ്പം തൃശൂര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി ദര്‍ശന്‍, ജില്ലാ ശാസ്ത്ര ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.