76-ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും

post

ഭാരതത്തിന്റെ 76-ാംമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. സാംസ്‌കാരിക പരിപാടികള്‍, പിടി ഡിസ്‌പ്ലേ, ബാന്‍ഡ്‌സെറ്റ് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷത്തെ ആകര്‍ഷകമാക്കും.

കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചായിരിക്കും സ്വാതന്ത്ര്യദിനാഘോഷം നടത്തുക. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനായിരിക്കും. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ നിര്‍വഹിക്കും. പരേഡ് റിഹേഴ്‌സലിനെത്തുന്നവര്‍ക്കുള്ള ലഘുഭക്ഷണം പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ജില്ലാ സപ്ലൈ ഓഫീസും ലഭ്യമാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടുത്ത യോഗം ഓഗസ്റ്റ് 10ന് ചേരും.