ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്

post


ലൈഫ് ഭവന പദ്ധതിയിൽ വീടിന് അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയിൽ 1,14,557 പേർ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേർ പട്ടികവർഗ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്.

ജില്ലാ കളക്ടർ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീൽ സമിതികൾ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീർപ്പാക്കിയത്. അപ്പീൽ/ആക്ഷേപങ്ങൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. കൃത്യമായ പരിശോധനകളിലൂടെ അർഹരായ ഒരാൾ പോലും വിട്ടുപോയിട്ടില്ലെന്നും അനർഹർ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കണം. ഗ്രാമ/വാർഡ് സഭകൾ ഈ കാര്യം കൃത്യമായി പരിശോധിച്ച് ഗുണഭോക്തൃ പട്ടിക പുതുക്കാൻ ആവശ്യമായ നടപടികൾ സമയബന്ധിതമായും കൃത്യമായും നിർവഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ഗ്രാമ/വാർഡ് സഭകളിലേക്ക്

നാല് ഘട്ടങ്ങളിലൂടെ തയ്യാറാക്കിയ ലൈഫ് കരട് ഗുണഭോക്തൃ പട്ടികയാണ് ഗ്രാമസഭകൾ പരിശോധിക്കുന്നത്. മാനദണ്ഡങ്ങൾ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകൾ വിശകലനം ചെയ്യും. അനർഹൻ പട്ടികയിലുണ്ടെങ്കിൽ ഒഴിവാക്കാനും, അർഹതയുള്ളയാൾ പട്ടികയിൽ ഇല്ലെങ്കിൽ ഉൾപ്പെടുത്താനും ഗ്രാമസഭകൾക്ക് അവകാശമുണ്ട്. ഓരോ ഗുണഭോക്താവിൻറെയും കാര്യം ചർച്ച ചെയ്ത് തീരുമാനം മിനുട്ട്‌സിൽ രേഖപ്പെടുത്തണം. ലൈഫ് മാനദണ്ഡപ്രകാരം അർഹനാണ് എന്ന് ഗ്രാമ/വാർഡ് സഭയ്ക്ക് ബോധ്യമായാൽ മാത്രമേ ഉൾപ്പെടുത്താനാകൂ.

അനർഹരുടെ പട്ടികയിലെ ഒരാളെ അർഹരുടെ പട്ടികയിലേക്ക് മാറ്റുന്നുണ്ടെങ്കിൽ, അവരുടെ അർഹത തെളിയിക്കുന്ന രേഖ ഗ്രാമസഭാ/വാർഡ് സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. രേഖ പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അർഹത ബോധ്യപ്പെട്ടാൽ പട്ടികയിൽ ഓൺലൈനിൽ മാറ്റംവരുത്താനാകും. ഏതെങ്കിലും താത്പര്യത്തിൻറെ പുറത്ത് തീരുമാനം എടുക്കാൻ അനുവദിക്കില്ല. അർഹനല്ല എന്ന് ബോധ്യമായാൽ മാത്രമേ ഒഴിവാക്കലിന് ഗ്രാമ/വാർഡ് സഭയ്ക്ക് തീരുമാനിക്കാൻ കഴിയൂ.

അർഹരായ ഗുണഭോക്താക്കളുടെ മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുള്ളത് 9 ക്ലേശഘടകങ്ങൾ പരിശോധിച്ചാണ്. ക്ലേശഘടകങ്ങൾ പരിഗണിക്കുന്നതിൽ പിശക് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഗ്രാമ/വാർഡ് സഭകൾക്ക് തിരുത്താനാകും. ക്ലേശഘടകം കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ ഗ്രാമ/വാർഡ് സഭകൾക്ക് അനുവാദമുണ്ടായിരിക്കും. മിനുട്‌സിൽ രേഖപ്പെടുത്തി, അർഹത തെളിയിക്കുന്ന രേഖ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ക്ലേശ ഘടകങ്ങൾ ഒന്നുമില്ലാത്ത അർഹരായ കുടുംബങ്ങളുടെ മുൻഗണനാക്രമം പ്രായത്തിൻറെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഭൂരഹിതരുടെ അർഹതാ പട്ടികയിലുള്ളവരെ ഭൂമിയുള്ളവരുടെ പട്ടികയിലേക്കും തിരിച്ചും മാറ്റാനും ഗ്രാമ/വാർഡ് സഭകൾക്ക് അവകാശമുണ്ട്. രേഖകൾ മുൻപ് നിർദേശിച്ചത് പോലെ ഗ്രാമ/വാർഡ് സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ഗുണഭോക്താവ് ഉൾപ്പെട്ട പട്ടികജാതി/പട്ടികവർഗ വിഭാഗം, മതം തുടങ്ങിയവ രേഖപ്പെടുത്തിയതിൽ തെറ്റുകളുണ്ടെങ്കിൽ, തിരുത്തലിന് ഗ്രാമ/വാർഡ് സഭകൾക്ക് നിർദേശിക്കാം.

ഓഗസ്റ്റ് 5നകം ഗ്രാമ/വാർഡ് സഭകൾ പൂർത്തിയാക്കും. പുതുക്കിയ വിവരങ്ങൾ ഗ്രാമ/വാർഡ് സഭകൾ ചേർന്ന് രേഖകൾ പരിശോധിച്ച് കഴിഞ്ഞാലുടൻ തദ്ദേശ സ്ഥാപന സെക്രട്ടറി ലൈഫ് സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. ഓഗസ്റ്റ് 10നുള്ളിൽ ഈ നടപടി പൂർത്തീകരിക്കും. ഗ്രാമ/വാർഡ് സഭകൾ അംഗീകരിച്ച പട്ടിക ഓഗസ്റ്റ് 10 നകം പഞ്ചായത്ത്/നഗരസഭാ ഭരണസമിതികളും അംഗീകരിക്കും. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.