ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

post

നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗിനായി 300 ഏക്കര്‍ സ്ഥലമാണ് ലഭ്യമാക്കിയിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9,000 വാഹനങ്ങള്‍ക്കാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ഇത്തവണ ഇതിനുപുറമേ 20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിന് പ്രത്യേകം പാതയും ഒരുക്കുന്നുണ്ട്. ഈ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ ഒരേസമയം ചെറുതും വലുതുമായ 12,000 മുതല്‍ 15,000 വാഹനങ്ങള്‍ നിലയ്ക്കലിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. 

നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മാത്രമാകും അനുവദിക്കുക. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്കായി 970 ശൗചാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി നിലയ്ക്കലില്‍ 130 വാട്ടര്‍ കിയോസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഉള്‍പ്പെടെ ചെറുതും വലുതുമായ ഒരു കോടിയോളം വാഹനങ്ങള്‍ ശബരിമല സീസണ്‍ കാലയളവില്‍ നിലയ്ക്കല്‍ ഭാഗത്തത്തേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിന് 400 കിലോമീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിനും തകരാറുണ്ടാകുന്ന വാഹനങ്ങള്‍ മാറ്റി ഗതാഗത തടസം ഒഴിവാക്കി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യവും സേഫ് സോണ്‍ പദ്ധതിയിലൂടെ ലഭ്യമാകും. 

ശുദ്ധജല വിതരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ വന്‍ സംവിധാനം 

ശുദ്ധജല വിതരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ സംവിധാനം ഒരുങ്ങി. ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം വിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ 13 എം.എല്‍.ഡി. ഉത്പാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. പമ്പ ത്രിവേണിയില്‍ സ്ഥിതിചെയ്യുന്ന ഇന്‍ടെയ്ക്ക് പമ്പ് ഹൗസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിച്ച് ജലം പമ്പയിലെ ഭൂതല സംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ ചെയ്ത് പമ്പ മേഖലയിലും നീലിമല ബോട്ടം പമ്പ് ഹൗസിലും എത്തിക്കും. തുടര്‍ന്ന് നീലിമല ടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനന പാതയിലും വിതരണം ചെയ്യും. പമ്പ മുതല്‍ ശരംകുത്തി വരെ എട്ട് സംഭരണികളിലായി 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ആറ് ടാങ്കുകളില്‍ ജലം സംഭരിച്ച് വിതരണം നടത്തും.

പമ്പ മുതല്‍ സന്നിധാനം വരെ താല്‍കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കിയോസ്‌ക്കുകളിലേക്കും ശൗചാലയങ്ങളിലേക്കും എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നതും വാട്ടര്‍ അതോറിറ്റിയാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ശുദ്ധജല വിതരണത്തിന് വിതരണക്കുഴലുകള്‍ സ്ഥാപിച്ച് ചരല്‍മേട് ഭാഗം വരെയും ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇടോയ്‌ലറ്റ്, കിയോസ്‌ക്, പൊതുടാപ്പുകള്‍ എന്നിവയിലും ആവശ്യാനുസരണം വെള്ളം വിതരണം ചെയ്യും. 

തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ ജല അതോറിറ്റി റിവേഴ്‌സ് ഓസ്‌മോസിസ് (ആര്‍.ഒ.) പ്ലാന്റുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച് കിയോസ്‌ക്കുകളിലൂടെ ജലം വിതരണം നടത്തും. മണിക്കൂറില്‍ 35,000 ലിറ്റര്‍ ശുദ്ധജലം ഈ പ്ലാന്റ് വഴി വിതരണം ചെയ്യും. ഈ പ്ലാന്റുകളില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ച് കിയോസ്‌ക്കുകള്‍ വഴി തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ള വിതരണം ചെയ്യും. 

ആര്‍. ഒ. പ്ലാന്റുകളില്‍ നിന്നും ലഭിക്കുന്ന ജലത്തെ ചൂട്, തണുപ്പ്, സാധാരണ എന്നീ മൂന്ന് അവസ്ഥകളില്‍ വിതരണം നടത്താന്‍ സാധിക്കുന്ന 12 ഹോട്ട്, കോള്‍ഡ്, നോര്‍മല്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി സെന്‍സര്‍ ടാപ്പോടുകൂടിയ 10 ഹോട്ട്, കോള്‍ഡ്, നോര്‍മല്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.

ചാലക്കയം, നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലേക്കും പോലീസ് ക്യാമ്പുകളിലേക്കും പമ്പയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ശുദ്ധജലമെത്തിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വാട്ടര്‍ അതോറിറ്റിയുടെ 3*1000 എല്‍.പി.എച്ച്. ശേഷിയുള്ള ആര്‍.ഒ. പ്ലാന്റുകള്‍ക്കു പുറമെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപിച്ച 25*1000 എല്‍.പി.എച്ച്. ശേഷിയുള്ള ആര്‍.ഒ. പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് 20 കിലോമീറ്റര്‍ നീളത്തില്‍ എച്ച്.ഡി.പി.ഇ. പൈപ്പുകളും 150 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്.

നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം പമ്പയില്‍ നിന്നും സമാന്തരമായി സീതത്തോട്ടില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കും. നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ ടാങ്ക് ഉണ്ട്. ഇതിനു പുറമെ അഞ്ച് ലക്ഷത്തിന്റെ മൂന്ന് സ്റ്റീല്‍ ടാങ്കുകളും 5,000 ലിറ്ററിന്റെ 215 എച്ച്.ഡി.പി.ഇ. ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച്, സീതത്തോട്ടില്‍ നിന്നും പമ്പയില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ദേവസ്വം ബോര്‍ഡിന്റെ  ആവശ്യാനുസരണം എത്തിച്ച് വിതരണം ചെയ്യും. പെരുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറി വഴി വെള്ളമെത്തിക്കും.

ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ വിപുലമായ സംവിധാനം

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും. 160 നോണ്‍ എ.സി., 40 എ.സി. ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്ട്രിക് ബസുകളും ചെയിന്‍ സര്‍വീസ് നടത്തും. ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം പമ്പയില്‍ നിന്ന് 50 ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തും. ദീര്‍ഘദൂര ബസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെന്ററുകളായ തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമളി, എറണാകുളം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും 179 ബസുകള്‍ പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.

തെങ്കാശി, തിരുന്നല്‍വേലി, പളനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം അന്തര്‍സംസ്ഥാന ബസും സര്‍വീസ് നടത്തുമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ ചെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവ ആരംഭിക്കുവാനാണ് തീരുമാനമെങ്കിലും ഭക്തര്‍ എത്തിയാല്‍ 15 മുതല്‍ സര്‍വീസ് തുടങ്ങും.   

സന്നിധാനത്ത് 17,000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം

സന്നിധാനത്ത് ഒരേസമയം 17,000 ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്‌ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണ് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരീഷ്‌കുമാര്‍ പറഞ്ഞു.

പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3,000 പേര്‍ക്ക് വിരിവയ്ക്കാനായുള്ള താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. പി. ഷാജിമോന്‍ പറഞ്ഞു. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവയ്ക്കാം. കൂടാതെ പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും തീര്‍ഥാടകര്‍ക്ക് താത്കാലിക നടപന്തലും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ ആറ് നടപ്പന്തലാണ് ഒരുക്കിയിട്ടുള്ളത്. 

സന്നിധാനത്ത് ആയിരത്തോളം സൗജന്യ ശൗചാലയങ്ങള്‍

സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കായി 998 സൗജന്യ ശൗചാലയങ്ങള്‍ ഒരുങ്ങി. 479 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്‌നര്‍ ശൗചാലയങ്ങളും ഉള്‍പ്പെടെയാണ് സൗജന്യ ശൗചാലയങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഹരീഷ് കുമാര്‍ പറഞ്ഞു. ഇതുകൂടാതെ പേയ്ഡ് ടോയ്‌ലറ്റുകളും ഉണ്ട്. പമ്പയില്‍ 322 പേയ്ഡ് ടോയ്‌ലറ്റുകളും 60 സൗജന്യ ബയോ ശൗചാലയങ്ങളും 40 ബയോ മൂത്രപുരകളും ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ സ്ത്രീകള്‍ക്കായി 66 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്് 

നിലയ്ക്കലില്‍ 970 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി രണ്ട് ബ്ലോക്കുകളിലായി 80 ശൗചാലയങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇതില്‍ അഞ്ഞൂറോളം സൗജന്യ ശൗചാലയങ്ങളും 470 പേയ്ഡ് ശൗചാലയങ്ങളുമാണ്.