ധീര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

post


പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കുവാനായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനായുമാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പണിക്കന്‍കൂടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റിനീഷ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, സബ്-ജഡ്ജ് സിറാജുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.


അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കുവാനായി കരാട്ടെ, തായ്‌ക്വോണ്ടോ മുതലായ ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനായുമാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ


കൊന്നത്തടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഓരോ പഞ്ചായത്തിലും പത്ത് മുതല്‍ പതിനഞ്ച് വരെ പ്രായമുള്ള മുപ്പത് പെണ്‍കുട്ടികളെ വീതം പരിശീലനത്തിനായി തിരഞ്ഞെടുക്കുകയും കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള പരിശീലനം ഉറപ്പാക്കുകയും ചെയ്യും. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബുകള്‍ വഴി പ്രാഥമിക അന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.




പദ്ധതിക്കായി ആകെ അറുപത്തെട്ട് ലക്ഷം രൂപ കേരള സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വീതം തുടര്‍ച്ചയായി പത്ത് മാസമാണ് പരിശീലന കാലയളവ്, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരണം നല്‍കുക, സ്വയം രക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പഞ്ചായത്ത് തലത്തില്‍ കുട്ടികളെയും പരിശീലകരെയും കണ്ടെത്തിയിട്ടുണ്ട്. ആയോധന കലയ്ക്ക് അനുയോജ്യമായ യൂണിഫോം കുട്ടികള്‍ക്ക് വിതരണം ചെയ്യും. കരാട്ടെ, തായ്‌ക്വോണ്ടോ എന്നീ ആയോധന കലകളാണ് ഇടുക്കി ജില്ലയില്‍ അഭ്യസിപ്പിക്കുന്നത്. ഓരോ ദിവസത്തെയും പരിശീലനത്തിനു ശേഷം പോഷകാഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും.




ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം.ജി, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയശീലന്‍ എം പോള്‍, മുരിക്കാശ്ശേരി ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സനല രാജേന്ദ്രന്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.പി മല്‍ക്ക, കൊന്നത്തടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അച്ചാമ്മ ജോയി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോബി ജോസഫ്, ഷിനി സജീവന്‍, അടിമാലി ശിശു വികസന പദ്ധതി ഓഫീസര്‍ റഷീദ വി.എ, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ കുമാര്‍ ആര്‍. പണിക്കന്‍കൂടി ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ രാജേഷ് വി.എന്‍. പണിക്കന്‍കുടി ഗവ. എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ സക്കീര്‍ ഹുസൈന്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആര്യ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.