ജില്ലാ മാനസികാരോഗ്യ പദ്ധതി; പ്രധാന അദ്ധ്യാപകര്‍ക്കുള്ള ജില്ലാ തല ശില്‍പശാല നടത്തി

post

ഇടുക്കി:  ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പശാല നടത്തി. തൊടുപുഴ ജില്ലാ ആശുപത്രി സെമിനാര്‍ ഹാളില്‍ നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി നിര്‍വഹിച്ചു. കുട്ടികളുടെ കാര്യത്തില്‍  മാതാപിതാക്കളോടൊപ്പം തന്നെ ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കുമുണ്ടെന്ന് അവര്‍ പറഞ്ഞു. രക്ഷിതാക്കളോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് അദ്ധ്യാപകരുമായി പങ്കുവെക്കാനാവും. കുട്ടികളിലെ മാനസിക വ്യതിയാനവും വളര്‍ച്ചയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെ അവരെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് അദ്ധ്യാപകര്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാവുമെന്നും ജെസി ആന്റണി കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. മിനി മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി എം.ആര്‍., ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. രമേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഓട്ടിസം, കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം, പഠന വൈകല്യം, എ.ഡി.എച്ച്.ഡി., കുട്ടികളിലെ വിഷാദ രോഗങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. അമല്‍ എബ്രഹാം, ഡോ. ബബിന്‍.ജെ. തുറക്കല്‍, ഡോ.സിറിയക്, ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ്മാരായ ആഷാ കുര്യന്‍, ആല്‍ബിന്‍ എല്‍ദോസ് എന്നിവര്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് അധ്യാപകരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി. കുട്ടികളില്‍ കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും മാനസിക പ്രശ്‌നങ്ങളും തടയുന്നതിനും ആത്മഹത്യയിലേക്ക് എത്തുന്ന സാഹചര്യം തടയാന്‍ കൃത്യസമയത്ത് ഇടപെടലുകള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. കുട്ടികളിലെ പ്രശ്‌നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുന്നതിനും അവയ്ക്ക് സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വഴി പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനും തീരുമാനിച്ചു. ആവശ്യമെങ്കില്‍ മന:ശാസ്ത്ര വിദഗ്ധന്റെ പരിശീലനവും സ്‌കൂളില്‍ ലഭ്യമാക്കും. ഇതിനായി സ്‌കൂളിലെ അധ്യാപകര്‍ക്കും കൗണ്‍സലര്‍മാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കും.